റയൽ മാഡ്രിഡ് താരം മറ്റെയോ കൊവാചിച് ഇനി ചെൽസിയിൽ. ഒരു വർഷത്തെ ലോണിലാണ് താരം സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്. സീസൺ അവസാനത്തോടെ താരത്തെ പൂർണ്ണമായും വാങ്ങാനുള്ള ഓപ്ഷനും ചെൽസിക്കുണ്ട്.
ലൂക്ക മോഡ്റിച്, ക്രൂസ്, കാസെമിറോ എന്നിവർ അടങ്ങുന്ന റയൽ മധ്യനിരയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം മാഡ്രിഡ് വിടാൻ തീരുമാനിച്ചത്. സാരിക്ക് കീഴിൽ പുത്തൻ മധ്യനിരയെ അണിനിരത്താൻ ഒരുങ്ങുന്ന ചെൽസി അവസരം മുതലാക്കുകയായിരുന്നു.
24 വയസുകാരനായ താരം ക്രോയേഷ്യൻ രാജ്യാന്തര താരം കൂടിയാണ്. ക്രോയേഷ്യൻ ക്ലബ്ബായ ഡിനാമോ സാഗര്ബിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം 2013 മുതൽ 2015 വരെ ഇന്റർ മിലാൻ താരമായിരുന്നു. 2015 ൽ റയൽ മാഡ്രിഡിൽ എത്തിയെങ്കിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.
കോവാചിച്ചിന്റെ വരവോടെ ചെൽസി മധ്യനിര കൂടുതൽ ശക്തമാകും. കാന്റെ, ജോർജിഞ്ഞോ, ഫാബ്രിഗാസ്, ബാർക്ലി, ലോഫ്റ്റസ് ചീക്ക് എന്നിവർ അടങ്ങുന്ന മധ്യനിര ഇതോടെ ലീഗിലെ തന്നെ മികച്ചവയിൽ ഒന്നായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial