സെവിയ്യയുടെ നെതർലണ്ട്സ് പ്രതിരോധ താരം കരീം റെകിക്കിനെ ടീമിലേക്ക് എത്തിക്കാൻ സൗദി ക്ലബ്ബ് ആയ അൽ ഇത്തിഹാദ്. ടീമുകൾ തമ്മിൽ കൈമാറ്റ കാര്യത്തിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട് ചെയ്യുന്നു. കൈമാറ്റ തുക എത്രയെന്ന് വ്യക്തമല്ല. എങ്കിലും വരും ദിവസങ്ങളിൽ തന്നെ മറ്റ് നടപടികൾ പൂർത്തിയാക്കാനാണ് ടീമുകളുടെ ശ്രമം. സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന അൽ ഇത്തിഹാദിന് റെകിക്കിന്റെ വരവ് പ്രതിരോധത്തിൽ ഗുണം ചെയ്യും.

അതേ സമയം പത്തോളം താരങ്ങൾക്ക് ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ നിന്നും പുറത്തേക്കുള്ള വഴി തേടുകയാണ് സെവിയ്യ. നിലവിൽ നാൽപതോളം അംഗങ്ങൾ ഉള്ള സീനിയർ ടീമിന്റെ അംഗബലം അടിയന്തരമായി കുറക്കാൻ കോച്ച് മെന്റിലിബർ അഭ്യർത്ഥികച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വളരെ മോശം രീതിയിൽ പൊയ്ക്കൊണ്ടിരുന്ന കഴിഞ്ഞ സീസൺ മെന്റലിബർ എത്തിയാണ് ടീമിന് അനുകൂലമാകിയത്. സീസണിന്റെ ഇടയിൽ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിൽ ആയപ്പോൾ റെകികും ഈ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ഇതോടെ അവസരങ്ങളും കാര്യമായി കുറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി, പിഎസ്വി, ഹെർത്ത ബെർലിൻ, മാഴ്സെ തുടങ്ങിയ ടീമുകൾക്ക് വേണ്ടി റെകിക് പന്ത് തട്ടിയിട്ടുണ്ട്. മൂന്ന് സീസണുകൾക്ക് ശേഷമാണ് സെവിയ്യ വിടുന്നത്. എഴുപതോളം മത്സരങ്ങൾ ടീമിനായി കളത്തിൽ ഇറങ്ങി.














