ചെൽസി മിഡ്ഫീൽഡർ എൻ’ഗോലോ കാന്റെയും സൗദി അറേബ്യയിലേക്ക്. ബെൻസീമയെ സ്വന്തമാക്കിയ അൽ ഇത്തിഹാദ് തന്നെയാണ് കാന്റെയെയും സ്വന്തമാക്കാൻ പോകുന്നത്. 100 മില്യൺ യൂറോ അതായത് 880 കോടി രൂപയോളം ആണ് കാന്റെയ്ക്ക് മുന്നിൽ ഉള്ള ഓഫർ എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. ഇമേജ് റൈറ്റ്സ് അടക്കം ഒരു വർഷം 100 മില്യൺ യൂറോ കാന്റെയ്ക്ക് ലഭിക്കും.
താരം ഈ ഓഫർ സ്വീകരിക്കും എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ. കാന്റെയും ചെൽസിയുമായുള്ള കരാർ ചർച്ചകൾ മുന്നോട്ട് പോകുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ കഴിഞ്ഞ ദിവസൻ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കുനതിന് അടുത്ത് കാന്റെ എത്തിയിരുന്നു. എന്നാൽ താരത്തിന് വീണ്ടും പരിക്കേറ്റതോടെ കാന്റെയുമായുള്ള ചർച്ചകൾ ചെൽസി തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാൻ ആണ് സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കുന്നത്.
ഫ്രഞ്ചുകാരന്റെ ചെൽസിയിലെ കരാർ നിലവിലെ സീസണിന്റെ അവസാനത്തോടെ തീരും. പരിക്ക് കാരണം കാന്റെ ഇപ്പോഴും പുറത്തിരിക്കുകയാണ്. ഈ സീസൺ തുടക്കം മുതൽ കാന്റെ പരിക്കിന്റെ പിടിയിലായിരുന്നു. 2016ൽ ക്ലബിൽ ചേർന്നതു മുതൽ ചെൽസിയുടെ ഒരു പ്രധാന കളിക്കാരനാണ് കാന്റെ, പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടാൻ അവരെ അദ്ദേഹം സഹായിച്ചു.