“മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നു”, നിർണായക നീക്കമായി ജോർജെ മെസി – ലപോർട കൂടിക്കാഴ്ച്ച

Nihal Basheer

20230605 183738
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നതായി താരത്തിന്റെ പിതാവ് ജോർജെ മെസ്സി. ഇദ്ദേഹം ലപോർടയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വാർത്തകൾ പുറത്തു വന്നതോടെ മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചു വരവ് വാർത്തകൾക്ക് വീണ്ടും പതിന്മടങ്ങ് ചൂടുകൂടി. ഇതിനിടയിൽ ബാഴ്‌സ സമർപ്പിച്ച സാമ്പത്തിക രേഖകൾക്ക് ലാ ലീഗ അംഗീകാരം നൽകിയ വാർത്ത കൂടി സ്പാനിഷ് മാധ്യമങ്ങൾ പുറത്തു വിട്ടതോടെ കൈമാറ്റത്തിൽ നിർണായക മണിക്കൂറുകൾ ആണ് മുന്നിലുള്ളതെന്ന് വ്യക്തമായി. ലാ ലീഗയുടെ സമ്മതം ട്രാൻസ്ഫർ മാർക്കറ്റ് നീക്കങ്ങൾക്ക് മുഴുവൻ വേണമെന്നതിനാൽ അടുത്ത ദിവസം മുതൽ തന്നെ ടീമിന് താരക്കമ്പോളത്തിൽ ഇറങ്ങാൻ സാധിക്കും.
20230605 183809
ജോർജെ മെസ്സി ലപോർടയുടെ വീട്ടിൽ ചർച്ചക്കായി എത്തിയെന്ന വാർത്ത പരന്നത് മുതൽ കഴിഞ്ഞ ദിവസങ്ങളിൽ പരന്ന സൗദി-ഇന്റർ മയാമി വാർത്തകൾ കെട്ടടങ്ങി. ചർച്ചക്ക് ശേഷം കാത്തിരുന്ന മാധ്യമങ്ങളെ കണ്ട ജോർജെ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള തന്റെയും മെസിയുടെയും ആഗ്രഹവും വെളിപ്പെടുത്തി. “മെസ്സി ബാഴ്‌സയിലേക്ക് തിരിച്ച് വരാൻ ഞാൻ ആഗ്രഹിക്കുന്നു, ലിയോക്കും അത് തന്നെയാണ് വേണ്ടത്. എന്നാൽ ഒന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇനിയും ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ട്”, അദ്ദേഹം പറഞ്ഞു. സൗദി ടീം അൽ ഹിലാൽ തങ്ങളുടെ ഓഫറുമായി ഇപ്പോഴും മെസിക്ക് പിറകെ തന്നെയുണ്ട്. അത് കൊണ്ട് തന്നെ ബാഴ്‌സക്ക് കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ടു നീക്കേണ്ടതുണ്ട്.