ഗബ്രിയേൽ ജീസുസ് ഇനി ആഴ്സണലിന്റെ താരം, ഔദ്യോഗിക പ്രഖ്യാപനം എത്തി

Newsroom

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിനെ ആഴ്സണൽ സ്വന്തമാക്കി. 45 മില്യൺ യൂറോ നൽകിയാണ് ജീസുസിനെ ആഴ്സണൽ സ്വന്തമാക്കിയത്. 2027വരെയുള്ള കരാർ ജീസുസ് ആഴ്സണലിൽ ഒപ്പുവെച്ചു. ഇന്ന് ആഴ്സണൽ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

ജീസുസ് 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 236 മത്സരങ്ങൾ താരം സിറ്റിക്ക് ഒപ്പം കളിച്ചിട്ടുണ്ട്‌. 95 ഗോളുകൾ താരം ടീമിനായി നേടിയിട്ടുണ്ട്.

നാല് തവണ പ്രീമിയർ ലീഗ് കിരീടവും എഫ്എ കപ്പും മൂന്ന് തവണ ലീഗ് കപ്പും ഗബ്രിയേൽ നേടിയിട്ടുണ്ട്. 2016 സെപ്റ്റംബറിൽ തന്റെ രാജ്യത്തിനായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയതിന് ശേഷം 56 മത്സരങ്ങൾ കളിക്കുകയും 19 തവണ സ്കോർ ചെയ്യുകയും ചെയ്ത അദ്ദേഹം ബ്രസീൽ ദേശീയ ടീമിലെ സ്ഥിരാംഗമാണ്. 2019 ൽ കോപ്പ അമേരിക്ക നേടിയ ടീമിലും അംഗമായിരുന്നു.