ബെഡ്നറെക്കിനെ ടീമിൽ എത്തിക്കാൻ ആസ്റ്റൺ വില്ല

Nihal Basheer

20220827 232342

സതാംപ്ടണിൽ നിന്നും ജാൻ ബെഡ്നറെക്കിനെ ടീമിൽ എത്തിക്കാൻ ആസ്റ്റൺ വില്ലയുടെ ശ്രമം. സെവിയ്യയിൽ നിന്നും എത്തിച്ച ഡീഗോ കാർലോസിന് എവർടനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റതോടെയാണ് അടിയന്തരമായി മറ്റൊരു പ്രതിരോധ താരത്തെ എത്തിക്കാനുള്ള നീക്കത്തിലേക്ക് ആസ്റ്റൻവില്ല കടന്നത്. ഡീഗോ കാർലോസിന് ശസ്ത്രക്രിയക്ക് ശേഷം മാത്രമേ ടീമിലേക്ക് തിരിച്ചെത്താൻ കഴിയൂ. ഏകദേശം ഒൻപത് മാസത്തോളം താരം പുറത്തിരിക്കും. ബെഡ്നറെക്കിനെ ലോണിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. താരത്തെ ലോണിന് ശേഷം സ്വന്തമാക്കാനും ആസ്റ്റൺ വില്ലക്ക് കഴിയുന്ന തരത്തിലാവും കൈമാറ്റം നടക്കുക.

ഇരുപത്തിയാറുകാരനായ ബെഡ്നറെക് 2017ലാണ് സതാംപ്ടണിലേക്ക് എത്തുന്നത്. ആദ്യ സീസണിന് ശേഷം ടീമിന്റെ പ്രതിരോധ നിരയിലെ സുപ്രധാന താരമായി വളർന്നു. ടീമിനായി നൂറ്റിയൻപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴ് ഗോളുകളും നേടാൻ ആയി. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എത്രയും പെട്ടെന്ന് കൈമാറ്റം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആസ്റ്റൻവില്ല. വില്ല ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിക്കുന്ന ആറാമത്തെ താരമാകും ബെഡ്നാറെക്.