മാഞ്ചസ്റ്റർ സിറ്റിയുടെ എഫ് എ കപ്പ് ഫൈനലിലെ ഹീറോ ഗുണ്ടോഗനു മുന്നിൽ പുതിയ കരാർ വെച്ച് മാഞ്ചസ്റ്റർ സിറ്റി. താരം ക്ലബ് വിടാൻ ശ്രമിക്കവെ ആണ് പുതിയ കരാർ മുന്നിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റി കാത്തു നിൽക്കുന്നത്. 2024വരെയുള്ള കരാർ ആണ് ഗുണ്ടോഗനു നൽകിയിരിക്കുന്നത്. താരത്തിനു വേണമെങ്കിൽ 2025വരെ ആ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ടാകും. തനിക്ക് സിറ്റി ദീർഘകാല കരാർ നൽകുന്നില്ല എന്നതാണ് ഗുണ്ടോഗൻ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള പ്രധാന കാരണം.
ഗുണ്ടോഗനു വേണ്ടി ആഴ്സണൽ, ബാഴ്സലോണ തുടങ്ങിയ ക്ലബുകൾ ഓഫറുമായി ഒരു വശത്തുണ്ട്. താരം സിറ്റിയുടെ കരാർ സ്വീകരിക്കും എന്ന വിശ്വാസത്തിൽ ആണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം പെപ് ഗ്വാർഡിയോളയും ഈ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 32കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതു മുതൽ പെപിന്റെ ടീമിലെ പ്രധാന താരമാണ്. സിറ്റി ടീമിലെ ഏറ്റവും അണ്ടർ റേറ്റഡ് താരമായാണ് ഗുണ്ടോഗൻ അറിയപ്പെടുന്നത്.
എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി 2-1ന് തോൽപ്പിച്ചപ്പോൾ രണ്ടു ഗോളുകളും നേടിയത് ഗുണ്ടോഗൻ ആയിരുന്നു. ഈ വാരാന്ത്യത്തിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞാകും ഗുണ്ടോഗൻ തന്റെ തീരുമാനം പ്രഖ്യാപിക്കുക.