റയലിൽ നിന്നും ഹകീമിയെ 45 മില്ല്യണ് സ്വന്തമാക്കി ഇന്റർ മിലാൻ

- Advertisement -

റയൽ മാഡ്രിഡിന്റെ ഫുൾബാക്ക് അഷ്റഫ് ഹകീമിയെ സ്വന്തമാക്കി ഇന്റർ മിലാൻ. 45 മില്ല്യൺ യൂറോ നൽകിയാണ് ഈ യുവതാരത്തെ മാഡ്രിഡിൽ നിന്നും ഇന്റർ റാഞ്ചുന്നത്. മൊറോക്കൻ താരത്തെ ഇറ്റലിയിലേക്ക് പറഞ്ഞയച്ച കാര്യം റയൽ മാഡ്രിഡ് ആണ് സ്ഥിതീകരിച്ചത്. 2025 ജൂൺ വരെയുള്ള കരാറിലാണ് നെരാസൂറികൾ ഹകീമിയെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി കളിച്ചു കൊണ്ടിരുന്നത്.

ഈ സീസൺ കഴിഞ്ഞാൽ ഹകീമി തിരികെ റയലിൽ എത്താൻ ആയിരുന്നു പ്ലാൻ. എന്നാൽ റയൽ മാഡ്രിഡ് ഹകീമിയെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 21 കാരനായ ഈ പ്രതിരോധ താരത്തിനായി യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ രംഗത്തുണ്ടായിരുന്നു. ബൊറുസിയ ഡോർട്ട്മുണ്ടിൽ രണ്ട് സീസണുകളിലായി 72 മത്സരങ്ങൾ കളിച്ച ഹകീമി 12 ഗോളുകൾ നേടുകയും 17 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മാഡ്രിഡിൽ ജനിച്ചെങ്കിലും മൊറോക്കൻ ദേശീയ ടീമിന് വേണ്ടിയാണ് ഹകീമി കളിക്കുന്നത്. ഇതുവരെയായി 28‌മത്സരങ്ങളിൽ അദ്ദേഹം ദേശീയ ടീമിനായി കളിച്ചു. ഇന്റർ മിലാൻ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധ താരമായി മാറിയിരിക്കുകയാണ് അഷ്റാഫ് ഹകീമി.

Advertisement