ജർമ്മൻ താരം മരിയോ ഗോട്സെ ഹോളണ്ട് വിട്ട് ജർമ്മനിയിലേക്ക് തന്നെ തിരികെയെത്തി. ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ വിട്ട ഗോട്സെ ഫ്രാങ്ക്ഫർടിൽ കരാർ ഒപ്പുവെച്ചു. 2025വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. 4 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകിയാണ് ഗോട്സെയെ ഫ്രാങ്ക്ഫർട് സ്വന്തമാക്കുന്നത്. ഫ്രാങ്ക്ഫർട് ഔദ്യോഗികമായി ഗോട്സെയുടെ വരവ് പ്രഖ്യാപിച്ചു.
രണ്ട് സീസൺ മുമ്പ് പി എസ് വിയിൽ എത്തിയ താരം അവിടെ നല്ല പ്രകടനങ്ങൾ ആയിരുന്നു ഇതുവരെ കാഴ്ചവെച്ചത്. പോർച്ചുഗീസ് ക്ലബായ ബെൻഫിക, അമേരിക്കൻ ക്ലബായ ഇന്റർ മയാമി എന്നിവർ ഗോട്സെക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവരെ മറികടന്നാണ് ഫ്രാങ്ക്ഫർട് താരത്തെ സ്വന്തമാക്കിയത്. ഡോർട്മുണ്ടിൽ നിന്നായിരുന്നു താരം പി എസ് വിയിലേക്ക് എത്തിയത്.
30കാരനായ ഗോട്സെ രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഗോട്സെ. 2014ൽ ജർമ്മനിയെ ലോക ചാമ്പ്യന്മാരാക്കിയ ഗോൾ നേടിയ താരം കൂടിയാണ് ഗോട്സെ.