പോർച്ചുഗൽ ക്ലബായ സ്പോർടിംഗ് ലിസ്ബൺ വിടാൻ തീരുമാനിച്ച യുവതാരം ഗെൽസൺ മാർട്ടിൻസ് ഇനി സ്പാനിഷ് ലീഗിൽ കളിക്കും. അത്ലറ്റിക്കോ മാഡ്രിഡുമായി താരം കരാറിൽ എത്തി. ഫ്രീ ഏജന്റായിരുന്ന ഗെൽസണെ ആറു വർഷത്തെ കരാറിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
23കാരനായ താരം സ്പോർടിംഗിലൂടെ തന്നെയാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതും. 19ആം വയസ്സിൽ തന്നെ സ്പോർടിംഗിനായി അരങ്ങേറ്റം കുറിച്ച ഗെൽസൺ 140 മത്സരങ്ങൾ പോർച്ചുഗീസ് ക്ലബിനു വേണ്ടി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 27 ഗോളുകളും 30 അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുമുണ്ട്. സ്പോർടിംഗിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഗെൽസണെ സ്പോർടിംഗ് വിടാൻ നിർബന്ധിതനാക്കിയത്.
ഈ കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിനൊപ്പം ഉണ്ടായിരുന്ന ഗെൽസൺ ഇതുവരെ പോർച്ചുഗലിനായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial