മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയ ബാഴ്സലോണയിൽ എത്തും. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ആണ് ഗാർസിയ ബാഴ്സലോണയിലേക്ക് പോകും എന്ന് ഇന്നലെ വ്യക്തമാക്കിയത്. ബാഴ്സലോണയും ഗാർസിയയും തമ്മിൽ കരാർ ധാരണ ആയി എന്നും താരം 2026വരെയുള്ള കരാർ ഒപ്പുവെക്കും എന്നും ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു.
ജനുവരിയിൽ തന്നെ ഗാർസിയയെ ടീമിൽ എത്തിക്കാൻ ബാഴ്സ ശ്രമിച്ചു എങ്കിലും സിറ്റി വലിയ തുക ആവശ്യപ്പെട്ടതിനാൽ അത് നടക്കാതെ പോവുക ആയിരുന്നു. ഈ സമ്മറിൽ ആകും ഗാർസിയ ബാഴ്സലോണയിൽ എത്തുക. ഗാർസിയ ജനുവരി മാസത്തോടെ ഫ്രീ ഏജന്റായി കഴിഞ്ഞിരുന്നു.
ബാഴ്സലോണ കഴിഞ്ഞ സമ്മറിൽ 20 മില്യൺ വാഗ്ദാനം ചെയ്തിട്ടും സിറ്റി താരത്തെ വിട്ടു നൽകിയിരുന്നില്ല. മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. 20കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.