പിഎസ്ജി താരം ഹ്യൂഗോ എകിറ്റികെക്ക് വേണ്ടി ഫ്രാങ്ക്ഫെർട് നീക്കം. യുവതാരത്തിന് വേണ്ടി ജർമൻ ടീം ഓഫർ സമർപ്പിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇരുപതുകാരനിൽ താല്പര്യമറിയിച്ച് മറ്റ് പല ടീമുകളും മുന്നോട്ടു വന്നതായി സൂചനയുണ്ട്. എന്നാൽ പിഎസ്ജി തൽക്കാലം ഓഫറുകൾക്ക് മറുപടി നൽകിയിട്ടില്ല എന്നാണ് റൊമാനോ നൽകുന്ന സൂചന.
കഴിഞ്ഞ ജൂലൈയിൽ റെയീംസിൽ നിന്നും ലോണിലാണ് താരം പിഎസ്ജിയിലേക്ക് എത്തുന്നത്. സീസണോടെ ഏകദേശം 35 മില്യൺ യൂറോ നൽകി പിഎസ്ജി താരത്തെ സ്വന്തമാക്കുന്ന രീതിയിൽ ആയിരുന്നു കരാർ. ഇത്തവണ ഇരുപതോളം തവണ കളത്തിൽ ഇറങ്ങാനും യുവതരത്തിനായി. മൂന്ന് ഗോളുകൾ സ്വന്തം പേരിലാക്കി. എങ്കിലും എമ്പാപ്പെയും മെസ്സിയും അടങ്ങിയ മുന്നേറ്റ നിരയിൽ പലപ്പോഴും പകരക്കാരന്റെ റോളിൽ ആയിരുന്നു എകിറ്റികെ. അതേ സമയം ഫ്രാങ്ക്ഫെർട് ലോൺ ഓഫറാണ് പിഎസ്ജിക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത് എന്ന് ഫ്രഞ്ച് മാധ്യമമായ ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരത്തിന് അടുത്ത സീസണിലും ടീമിൽ തുടരാൻ തന്നെയാണ് താൽപര്യം എന്ന സൂചനയുണ്ട്.