തങ്ങളുടെ ഇംഗ്ലീഷ് മധ്യനിര താരം മോർഗൻ ഗിബ്സ് വൈറ്റിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്‌സ്പർ ശ്രമത്തിനു എതിരെ നിയമനടപടി സ്വീകരിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. കഴിഞ്ഞ സീസണിൽ ഫോറസ്റ്റ് ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തിയ താരത്തെ 60 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമിച്ചത്. താരവും ആയി ധാരണയിൽ എത്തിയ അവർ ഇന്ന് തന്നെ താരത്തിന്റെ മെഡിക്കലും ബുക്ക് ചെയ്തിരുന്നു.
എന്നാൽ തങ്ങളെ അറിയിക്കാതെ താരത്തെ നേരിട്ട് സമീപിച്ചത് നിയമവിരുദ്ധം ആണെന്ന വാദം ആണ് നോട്ടിങ്ഹാം ഫോറസ്റ്റ് ഉയർത്തിയത്. കഴിഞ്ഞ സീസണിൽ 34 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു ഏഴു ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ഗിബ്സ് വൈറ്റ് അവർക്ക് കോൺഫറൻസ് ലീഗ് യോഗ്യത നേടി കൊടുക്കുന്നതിൽ വലിയ പങ്ക് ആണ് വഹിച്ചത്. അതേസമയം ടോട്ടനം ശരിയായ മാർഗ്ഗത്തിൽ ആണ് റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് എങ്കിൽ ഫോറസ്റ്റിന് ഒന്നും ചെയ്യാൻ ആവില്ല. നിലവിൽ ക്രിസ്റ്റൽ പാലസിന് പകരം യൂറോപ്പ ലീഗിൽ കളിക്കാൻ യോഗ്യത കിട്ടിയ ഫോറസ്റ്റിന് തങ്ങളുടെ പ്രധാനതാരത്തെ നിലനിർത്താൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.