ഐവറി കോസ്റ്റ് യുവതാരം ഡേവിഡ് ഡാട്രോ ഫൊഫാനക്ക് വേണ്ടിയുള്ള ചെൽസിയുടെ നീക്കങ്ങൾ ഫലപ്രാപ്തിയിലേക്ക്. നോർവേ ക്ലബ്ബ് ആയ മോൾഡെയുമായി ചെൽസി ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായി വ്യക്തിപരമായ കാരറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഏകദേശം പത്ത് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക.
2021ലാണ് ഫോഫാന ഐവറി കോസ്റ്റ് വിട്ട് മോൾഡെയിലേക്ക് എത്തുന്നത്. സാൽസ്ബാർഗിലേക്ക് ചേക്കേറുന്നതിന് മുൻപ് ഏർലിംഗ് ഹാലണ്ടിന്റെയും തട്ടകം ആയിരുന്നു മോൾഡെ. ആദ്യ സീസണിൽ കാര്യമായ പ്രകടനം നടത്തിയില്ലെങ്കിലും നിലവിലെ സീസണിൽ ഗോൾ അടിച്ചു കൂട്ടി മുന്നേറുകയായിരുന്നു യുവതാരം. ലീഗിൽ ഇരുപത്തിനാല് മത്സരങ്ങളിൽ നിന്നും പതിനഞ്ച് ഗോളുകൾ നേടി.
ഈ മികവ് രണ്ടു വർഷങ്ങൾ ശേഷം വീണ്ടും ലീഗ് കിരീടം നേടാനും മോൾഡെയെ സഹായിച്ചു. ഇതോടെ ചെൽസിയുടെ കണ്ണുകളും തരത്തിൽ പതിഞ്ഞു. ഈ വർഷം ഐവറി കോസ്റ്റ് ദേശിയ ടീമിനായും ഫോഫാന അരങ്ങേറിയിരുന്നു.