ജാവോ ഫെലിക്‌സ് ലോണിൽ ചെൽസിയിലേക്ക് എത്തും

20230109 213552

ഒടുവിൽ ജാവോ ഫെലിക്‌സ് അത്ലറ്റികോ മാഡ്രിഡ് വിടുന്നു. സീസണിന്റെ തുടക്കം മുതൽ താരത്തിന് മുകളിൽ മൂടിക്കെട്ടി നിന്ന പ്രശ്നങ്ങളിൽ നിന്നും ഇതോടെ ഫെലിസ്‌കിന് താൽക്കാലിക മോചനമാകും. ചെൽസിയും അത്ലറ്റികോ മാഡ്രിഡും ചർച്ചയുടെ അവസാന ഘട്ടത്തിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ലണ്ടനിലേക്ക് ആറു മാസത്തെ ലോണിൽ ആണ് താരം എത്തുക. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കരാറിൽ ഉണ്ടായേക്കില്ല എന്നാണ് സൂചന. ലോൺ ഫീ ആയി പത്ത് മില്യൺ യൂറോയോളം ചെൽസി മുടക്കേണ്ടതായി വരും. കൂടാതെ താരത്തിന്റെ ഈ കാലയളവിലെ വരുമാനവും ടാക്‌സും അടക്കം ചെൽസി നൽകും.

നേരത്തെ ആഴ്‌സനലിനും ഫെലിക്‌സിനെ എത്തിക്കാൻ നോട്ടമുണ്ടായിരുന്നെങ്കിലും മിഹായ്ലോ മദ്രെയ്ക്കിനെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത പരിഗണന എന്ന നിലയിലാണ് പോർച്ചുഗൽ താരത്തെ കണ്ടത്. ഫെലിക്സിനും ചെൽസിയിലേക്ക് തന്നെ ചേക്കേറാനാണ് താല്പര്യമെന്ന് “ദ് അത്ലറ്റിക്” റിപ്പോർട്ട് ചെയ്തു. ഗ്രഹാം പൊട്ടറിന് കീഴിൽ ഫോം കണ്ടെത്താൻ ആവാതെ വലയുന്ന ചെൽസിക്ക് ആശ്വാസമാകും കളി മെനയാനും ഗോളടിക്കാനും ഒരുപോലെ മികവുള്ള ഫെലിക്സിന്റെ വരവ്. ലോകകപ്പ് ഇടവേളക്ക് മുൻപുള്ള പ്രശ്നങ്ങൾ മറന്ന് സിമിയോണി ഫെലിക്സിനെ പിന്നീട് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള മഞ്ഞുരുകുന്നതായി സൂചനകൾ ഉണ്ടായിരുന്നില്ല. താരത്തിന്റെ കൈമാറ്റം അത്ലറ്റികോ മാഡ്രിഡിനും സിമിയോണിക്കും തിരിച്ചടി തന്നെ ആവും.