അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ പ്രിട്ടോറിയസ്

Dwainepretorius

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താന്‍ വിരമിക്കുകയാണെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ പ്രിട്ടോറിയസ്. ടി20 ലീഗുകളിലും മറ്റു ഷോര്‍ട്ടര്‍ ഫോര്‍മാറ്റുകളിലും ശ്രദ്ധ ചെലുത്തുവാനുള്ള തീരുമാനം കാരണം ആണ് ഇതെന്നും ഡ്വെയിന്‍ വ്യക്തമാക്കി.

ഒരു ഫ്രീ ഏജന്റ് ആയി തുടരുന്നത് തനിക്ക് ഈ ഫോര്‍മാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായകരമാകുമെന്നും ഡ്വെയിന്‍ പറഞ്ഞു. ഇത് തന്റെ കരിയറിനും കുടുംബ ജീവിതത്തിനും ഒരു പോലെ പ്രാധാന്യം നൽകുവാനും സഹായകരമാകുമെന്ന് താന്‍ കരുതുന്നതായും താരം കൂട്ടിചേര്‍ത്തു.

2016 ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ച താരം മൂന്ന് ടെസ്റ്റുകളിലും 27 ഏകദിനങ്ങളിലും 30 ടി20 മത്സരങ്ങളിലും കളിച്ചു. 2021ൽ പാക്കിസ്ഥാനെതിരെ ടി20യിൽ 17 റൺസിന് അഞ്ച് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച പ്രകടനം. അത് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ടി20യിലെ മികച്ച റെക്കോര്‍ഡ് ആണ്.