എറിക്സൺ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം, മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും

ക്രിസ്റ്റ്യൻ എറിക്സൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകും എന്ന് ഉറപ്പായി. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. ഈ ആഴ്ച തന്നെ എറിക്സൺ മെഡിക്കൽ പൂർത്തിയാക്കും എന്നും ഔദ്യോഗിക പ്രഖ്യാപനം എത്തും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബ്രെന്റ്ഫോർഡിന്റെ ഓഫർ മറികടന്നാണ് എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ സ്വീകരിച്ചത്.

കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡിനൊപ്പം ജനുവരിയിൽ ചേർന്ന് കൊണ്ട് ആയിരുന്നു എറിക്സൺ ഫുട്ബോളിലേക്ക് തിരികെയെത്തിയത്. എറിക്സൺ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും ബ്രെന്റ്ഫോർഡിൽ സ്വന്തമാക്കിയിരുന്നു. എറിക്സനെയും മലാസിയയെയും ഈ ആഴ്ച തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി തങ്ങളുടെ താരങ്ങളായി അവതരിപ്പിക്കും. ഇരുവരും പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പെട്ടെന്ന് ചേരുകയും ചെയ്യും.