പത്ത് വിക്കറ്റ് വിജയം, ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 173 റൺസിലൊതുക്കിയ ശേഷം ഇന്ത്യ 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെയാണ് വിജയം കരസ്ഥമാക്കിയത്. 94 റൺസ് നേടിയ സ്മൃതി മന്ഥാനയും 71 റൺസ് നേടിയ ഷഫാലി വര്‍മ്മയും ആണ് ഇന്ത്യയുടെ അനായാസ വിജയം ഒരുക്കിയത്.

നേരത്തെ ബൗളിംഗിൽ രേണുക സിംഗ് നേടിയ നാല് വിക്കറ്റിനൊപ്പം മേഘന സിംഗും, ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി ഇന്ത്യയ്ക്കായി തിളങ്ങി. 47 റൺസുമായി പുറത്താകാതെ നിന്ന അമ കാഞ്ചനയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. നീലാക്ഷി ഡി സിൽവ 32 റൺസും ചാമരി അത്തപ്പത്തു 27 റൺസും അനുഷ്ക സഞ്ജീവനി 25 റൺസും ആതിഥേയര്‍ക്കായി നേടി.