നീണ്ട എട്ടു സീസണുകൾ ഒളിമ്പിക് മാഴ്സെയുടെ ജേഴ്‌സി അണിഞ്ഞ ശേഷം ഫ്രഞ്ച് താരം ദിമിത്രി പായെറ്റ് ടീം വിടുന്നു. ഇന്ന് താരത്തിനോടൊപ്പം മാധ്യമങ്ങളെ കാണാൻ എത്തിയ ക്ലബ്ബ് പ്രസിഡന്റ് പാബ്ലോ ലോങ്ങോരിയ തന്നെയാണ് പായെറ്റിന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. “ഞങ്ങളുടെ ക്യാപ്റ്റൻ കൂടിയായ താരവുമായി ഒരുമിച്ചു മുന്നോട്ടു പോകേണ്ട എന്ന തീരുമാനം എടുത്തിരിക്കുകയാണ്. അസാധാരണമായ കഴിവും പ്രതിഭയും ഉള്ള താരമാണ് ദിമിത്രി എന്നതിൽ സംശയമില്ല. ക്ലബ്ബിന്റെ ആരാധകർക്കും ഫുട്ബോളിനും താങ്കൾ ഒരുപിടി ആനന്ദകരമായ നിമിഷങ്ങൾ നൽകി”, ലോങ്ങോരിയ പറഞ്ഞു.
താൻ ഇനിയും ഫുട്ബോൾ കളത്തിൽ ഉണ്ടാവാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച 36കാരനായ താരം പറഞ്ഞു. ടീമിന്റെ പരിശീലനം ആരഭിക്കുന്നതിന് മുൻപ് പ്രസിഡന്റുമായി സംസാരിച്ചെന്നും ക്ലബ്ബിന്റെ തീരുമാനം താനും അംഗീകരിക്കുകയായിരുന്നു എന്നും പായെറ്റ് പറഞ്ഞു. എന്നാൽ തുടർന്ന് വിരമിക്കാനും ക്ലബ്ബിൽ തന്നെ കോച്ചിങ്ങിൽ ചേരാനുമുള്ള ടീം മുന്നോട്ടു വെച്ച ഫോർമുല താൻ തള്ളിയെന്ന് താരം വ്യക്തമാക്കി. ഇനിയും ബൂട്ടണിഞ്ഞു മത്സരങ്ങൾക്ക് ഇറങ്ങാൻ തനിക്ക് പ്രാപ്‌തിയുണ്ടെന്ന് വിശ്വസിക്കുന്നതായി പായെറ്റ് പറഞ്ഞു. സഹതരങ്ങൾക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു. 2013 മുതൽ 2015 വരെയും പിന്നീട് വെസ്റ്റ്ഹാം കരിയറിന് ശേഷം 2017 മുതലും താരം മാഴ്സെ ജേഴ്‌സിയിൽ തന്നെ ആയിരുന്നു. എഴുപതിൽ പരം ഗോളുകൾ ടീമിനായി കുറിച്ചു. ഫ്രീ ഏജന്റ് ആയി മാറിയ താരത്തിന്റെ അടുത്ത തട്ടകം ഏതെന്ന് വരും ദിവസങ്ങളിൽ തന്നെ തീരുമാനിച്ചേക്കും.