അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്, ഡെസ്റ്റ് മിലാനിലേക്ക്

സെർജിന്യോ ഡെസ്റ്റിന് പുതിയ തട്ടകം തേടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കാര്യങ്ങൾ വീണ്ടും മാറി മറിയുന്നു. യുനൈറ്റഡും വിയ്യാറയലും താരത്തിന് വേണ്ടി ശ്രമിക്കുന്നുവെന്ന വാർത്തകൾക്ക് ഇരുപത്തിനാല് മണിക്കൂർ പോലും ആയുസ് നൽകാതെ താരത്തെ ടീമിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് എസി മിലാൻ. ഡെസ്റ്റിനെ ലോണിൽ എത്തിക്കാൻ ആണ് മിലാന്റെ നീക്കം. പരിക്കേറ്റ പ്രതിരോധ താരം ഫ്ലോറിൻസിക്ക് പകരക്കാരൻ ആയാണ് അടിയന്തരമായി ഡെസ്റ്റിനെ മിലാൻ പരിഗണിച്ചത്.

താരത്തിന് വേണ്ടി വിയ്യാറയലും ബാഴ്‌സയും ചർച്ച നടത്തി വരികയായിരുന്നു. യുനൈറ്റഡിലേക്കുള്ള കൈമാറ്റം സങ്കീർണമാകും എന്നതിനാൽ വിയ്യാറയൽ തന്നെ ആവും താരത്തിന്റെ ഭാവി തട്ടകം എന്ന് ഉറപ്പിച്ച സമയത്താണ് മിലാൻ ഡെസ്റ്റിന് വേണ്ടി സമീപിച്ചത്. താരത്തെ ലോണിന്റെ അവസാനം സ്വന്തമാക്കാനും മിലാന് സാധിക്കും. അങ്ങനെ വന്നാൽ മൂന്ന് വർഷത്തെ കരാർ താരത്തിന് മിലാൻ നൽകും. ചർച്ചകൾ നടത്തി ടീമുകൾ ഏകദേശ ധാരണയിൽ എത്തിയതായി ഡി മാർസിയോയും റിപ്പോർട്ട് ചെയ്തു. കൈമാറ്റം ഉടനെ സാധ്യമാകും.

Comments are closed.