സ്പാനിഷ് താരം ഡെനിസ് സുവാരസ് ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വിയ്യാറയലിലേക്ക് തിരിച്ചെത്തി. സെൽറ്റ വീഗൊയുമായി കരാർ അവസാനിച്ച താരത്തെ ടീമിലേക്ക് എത്തിക്കുന്നതായി വിയ്യാറയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തേക്കാണ് ഇരുപത്തിയൊൻപതുകാരൻ സെറ്റിയന്റെ സ്ക്വാഡിലേക്ക് എത്തുന്നത്.
സുവരസിന്റെ സെൽറ്റയുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുമെങ്കിലും പുതുക്കേണ്ടതില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോക്ക് മുൻപ് തന്നെ താരവുമായി ധാരണയിൽ എത്താൻ വിയ്യാറയലിനായി. ശേഷം ജനുവരിയിൽ സെൽറ്റ, സുവരസിനെ എസ്പാന്യോളിന് ലോണിൽ കൈമാറി. മുൻപ് ബാഴ്‌സക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള താരം ബാഴ്‌സ ബിയിൽ നിന്നും ലോണിൽ വിയ്യാറയലിന് വേണ്ടി 2015-16 സീസണിൽ ജേഴ്‌സി അണിഞ്ഞു. അന്നത്തെ മിന്നും പ്രകടനമാണ് ബാഴ്‌സ സീനിയർ ടീമിലേക്ക് താരത്തെ എത്തിച്ചത്. പിന്നീടാണ് സെൽറ്റ വിഗോയിലേക്ക് ചേക്കേറുന്നത്. ലീഗിൽ മതിയായ അനുഭവസമ്പത്തുള്ള താരത്തെ എത്തിക്കാൻ കഴിഞ്ഞത് വിയ്യാറയലിന് നേട്ടമാണ്. സെൽറ്റ ജേഴ്‌സിയിൽ മൂന്ന് സീസണുകളിലായി നൂറോളം മത്സരങ്ങൾ ഈ മധ്യനിര താരം പന്തു തട്ടി.