നെതർലന്റ്സ് താരം അർനോട് ഡാഞ്ചുമ ടോട്ടനത്തിൽ തുടരില്ല. ജനുവരിയിൽ സീസണിന്റെ മധ്യത്തിൽ ടോട്ടനത്തിൽ ലോണിൽ എത്തിയ താരത്തെ സ്വന്തമാക്കാൻ ടോട്ടനം ഉദ്ദേശിക്കുന്നില്ലെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 27 മില്യൺ പൗണ്ടിന്റെ ബൈ-ഓപ്‌ഷൻ ആയിരുന്നു താരത്തിന്റെ ലോൺ കരാറിൽ ഉണ്ടായിരുന്നത്. എന്നാൽ വിയ്യാറയലിലേക്ക് തിരിച്ചെത്തുന്ന താരം അടുത്ത സീസണിലും സ്പാനിഷ് ടീമിനോടൊപ്പം കാണില്ലെന്ന് റോമാനോ സൂചിപ്പിച്ചു.
ജനുവരിയിൽ എവർടണിലേക്ക് എന്നുറപ്പിച്ച താരത്തെ അവസാന നിമിഷമാണ് ടോട്ടനം സ്വന്തമാക്കിയത്. എന്നാൽ ടീമിൽ ഇടംപിടിക്കാൻ ഇരുപത്തിയാറുകാരൻ പലപ്പോഴും ബുദ്ധിമുട്ടി. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയെങ്കിലും പിന്നീട് ഒരേയൊരു മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ അവസരം ലഭിച്ചത്. പിന്തുണ നൽകിയ സ്പർസ് ആരാധകർക്കുള്ള നന്ദി അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താരത്തിന് വേണ്ടി പ്രിമിയർ ലീഗ്, ബന്ധസ്ലീഗ, ഫ്രഞ്ച് ലീഗ് ടീമുകൾ മുന്നോട്ടു വന്നിട്ടുണ്ടെന്ന് റൊമാനോ പറഞ്ഞു. ഇതോടെ ഇനി വിയ്യാറയൽ ജേഴ്‌സിയിലും ഡാഞ്ചുമയെ കാണാൻ കഴിയില്ലെന്ന് ഉറപ്പായി.