ബ്രസീലിയൻ ക്ലബ്ബിനൊപ്പമുള്ള കരാർ റദ്ദാക്കി, ലണ്ടൻ ലക്ഷ്യമാക്കി ഡിയഗോ കോസ്റ്റ

മുൻ ചെൽസി താരവും നിലവിൽ ബ്രസീലിയൻ ക്ലബ്ബ് അത്ലറ്റികോ മിനെറോയുടെ താരവുമായ ഡിയഗോ കോസ്റ്റ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കി. താരം പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. താരം ഈ മാസം തന്നെ ലണ്ടൻ ക്ലബ്ബ് ആഴ്സണലുമായി കരാർ ഒപ്പിട്ടേക്കും എന്നാണ് സൂചനകൾ.

അത്ലറ്റിക്കോയുമായി കരാർ റദ്ദാക്കിയാണ് കോസ്റ്റ സീസൺ തുടക്കത്തിൽ ബ്രസീലിലേക്ക് വണ്ടി കയറിയത്. 2022 ഡിസംബർ വരെ കരാർ നിലനിൽക്കെയാണ് താരം ബ്രസീൽ വിടാൻ തീരുമാനിച്ചത്. നേരത്തെ അത്ലറ്റികോ മാഡ്രിഡ്, ചെൽസി ടീമുകൾക്ക് വേണ്ടിയും കളിച്ച കോസ്റ്റ കളിക്കളത്തിലെ പോരുകളുടെ പേരിൽ കുപ്രസിദ്ധനാണ്. പക്ഷെ മികച്ച ഗോൾ സ്കോററായ താരം ഏതൊരു ടീമിന്റെയും ആക്രമണം നയിക്കാൻ കെൽപ്പുള്ള, അത് തെളിയിച്ച താരവുമാണ്.