ക്രിസ് റിച്ചാർഡ്സിനെ സ്വന്തമാക്കാൻ ക്രിസ്റ്റൽ പാലസ്

Nihal Basheer

20220720 161826

ബയേണിൽ നിന്നും പ്രതിരോധ താരം ക്രിസ് റിച്ചാർഡ്സിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ. അമേരിക്കൻ താരത്തിന് വേണ്ടി പതിനഞ്ചു മില്യൺ യൂറോയുടെ ഓഫർ ആണ് ക്രിസ്റ്റൽ പാലസ് സമർപ്പിച്ചിരിക്കുന്നത്. താരവുമായി വ്യക്തിപരമായ കരാറിൽ ക്രിസ്റ്റൽ പാലസ് എത്തിയിട്ടുണ്ട്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ കൈമാറ്റം ഉടൻ സാധ്യമാകും.

2019 മുതൽ ബയേണിന്റെ താരമാണ് ഈ അമേരിക്കക്കാരൻ. ആദ്യം യൂത്ത് ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയ താരം 2020ൽ സീനിയർ ടീമിനായി അരങ്ങേറി. പിന്നീട് താരത്തെ ബയെൺ ഹോഫെൻഹേയിമിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ഒന്നര വർഷമായി ടീമിൽ തുടരുന്ന താരം മുപ്പതിലധികം മത്സരങ്ങൾ ഹോഫെൻഹെയിമിനായി ഇറങ്ങി. അവസാന സീസണിലെ മികച്ച പ്രകടനം തന്നെയാണ് ഇരുപത്തിരണ്ടുകാരനെ ക്രിസ്റ്റൽ പാലസിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. മത്തിയസ് ഡിലിറ്റ് കൂടി എത്തിയതോടെ ബയേണിൽ തിരിച്ചെത്തിയാലും അവസരം കുറയുമെന്ന് ഉറപ്പായതിനാൽ താരവും പ്രിമിയർ ലീഗിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു.

യുഎസ് ദേശിയ ടീമിലും സാന്നിധ്യം അറിയിച്ചിട്ടുള്ള റിച്ചാർഡ്‌സ് ടീമിനായി എട്ട് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.