ട്രാൻസ്ഫർ വിൻഡോയുടെ അവസാന മിനിറ്റുകളിലും ചെൽസിക്ക് വിശ്രമമില്ല. കൊറിന്ത്യൻസിന്റെ പതിനെഴുകാരനായ ബ്രസീലിയൻ പ്രതിഭ ഗബ്രിയേൽ മോസ്കാർഡോക്ക് വേണ്ടിയുള്ള നീക്കത്തിലാണ് പ്രീമിയർ ലീഗ് ക്ലബ്ബ്. തങ്ങളുടെ ആദ്യ ഓഫർ ചെൽസി കൊറിന്ത്യൻസിന് മുന്നിൽ സമർപ്പിച്ചു കഴിഞ്ഞു. 21 മില്യൺ യൂറോയുടേതാണ് ഓഫർ എന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യന്നു. എന്നാൽ ഇതിന് പുറമെ ആഡ് ഓണുകളോ സെൽ-ഓൺ ക്ലോസോ ചേർത്തിട്ടില്ല. അതിനാൽ തന്നെ കൊറിന്ത്യൻസ് കൂടുതൽ തുക ചോദിക്കാനാണ് ശ്രമിക്കുന്നത്. 25 മില്യൺ യൂറോ ആണ് അവർ പ്രതീക്ഷിക്കുന്ന തുക.
നിലവിലെ ഓഫർ ബ്രസീലിയൻ ടീം അംഗീകരിച്ചാലും അടുത്ത ജൂൺ വരെ താരം കൊറിന്ത്യൻസിൽ തന്നെ ലോണിൽ തുടരാനാണ് ചെൽസി ആഗ്രഹിക്കുന്നത്. ഫിഫയുടെ ട്രാൻസ്ഫർ റൂൾ പിന്തുടരേണ്ടത് കൂടി ആണ് ഇത്. കൊറിന്ത്യൻസ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം കഴിഞ്ഞ ജൂൺ അവസാനത്തോടെ മാത്രമാണ് സീനിയർ ടീമിനോടൊപ്പം ചേരുന്നത്. എന്നാൽ ഇതിനകം അഞ്ച് ലീഗ് മത്സരങ്ങൾ അടക്കം പത്തോളം തവണ സീനിയർ ടീം ജേഴ്സി അണിയാൻ ഈ ഡിഫെൻസിവ് മിഡ്ഫീൽഡർക്കായി. ഈ പ്രതിഭ തന്നെയാണ് ചെൽസിയുടെ കണ്ണുകളിൽ താരത്തെ എത്തിച്ചതും.