ബെൽജിയൻ യുവതാരം ഷാർലെ ഡെ കേറ്റ്ലാറെ എ സി മിലാൻ സ്വന്തമാക്കി. ആഴ്ച്ചകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ പല ടീമുകളെയും പിന്തള്ളിയാണ് ഇരുപത്തിയൊന്ന്കാരനായ താരത്തെ എത്തിക്കുന്നതിൽ മിലാൻ വിജയിച്ചത്. മികച്ച ഓഫറുമായി ലീഡ്സ് പിറകെ ഉണ്ടായിരുന്നെങ്കിലും താരത്തിന് മിലാനിലേക്ക് ചേക്കേറാൻ ആയിരുന്നു താൽപര്യം എന്നത് കൈമാറ്റത്തിൽ നിർണായകമായി. മുപ്പത്തിയാറു മില്യൺ യൂറോയാണ് കൈമാറ്റ തുക. അഞ്ച് വർഷത്തെ കരാറിൽ ആണ് ക്ലബ്ബ് ബ്രുഗ്ഗിൽ നിന്നും മുന്നേറ്റ താരം ഇറ്റലിയിലേക്ക് എത്തുന്നത്.
മധ്യ നിരയിലേക്ക് റെനേറ്റോ സാഞ്ചസിനെ എത്തിക്കാനുള്ള ശ്രമങ്ങൾ പാഴായതോടെ, ഡെ കേറ്റ്ലാറെ കൂടി കൈവിടാൻ മിലാന് ഒരുക്കമല്ലായിരുന്നു. ആദ്യം സമർപ്പിച്ച ഇരുപത് മില്യൺ യൂറോയുടെ ഓഫർ ബ്രുഗ്ഗ് തള്ളിയിരുന്നു. തുടർന്ന് നിരന്തരമായി നടത്തിയ ചർച്ചകളിലൂടെയാണ് കൈമാറ്റത്തിന് ധാരണയായത്.
മുന്നേറ്റനിരയിലെ ഏത് സ്ഥാനത്തും അനായാസം കളിക്കാൻ സാധിക്കും എന്നതാണ് താരത്തിന്റെ പ്രത്യേകത. മധ്യ നിരയിൽ അറ്റാക്കിങ് മിഡ്ഫീൽഡറായി ടീമിന്റെ നീക്കങ്ങൾക്ക് ചരട് വലിക്കാനും താരത്തിന് സാധിക്കും. ക്ലബ്ബ് ബ്രുഗിന് വേണ്ടി അവസാന സീസണിൽ പതിനാല് ഗോളും ഏഴു അസിസ്റ്റുമായി കളംനിറഞ്ഞതോടെയാണ് യൂറോപ്പിലെ വമ്പന്മാരുടെ കണ്ണുകൾ താരത്തിൽ പതിയുന്നത്. ബ്രുഗ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം 2019 മുതൽ സീനിയർ ടീം അംഗമാണ്. ബെൽജിയത്തിൽ കെവിൻ ഡി ബ്രൂയിനുമായി താരതമ്യം ചെയ്യുന്ന താരമാണ് കേറ്റ്ലാർ.
Story Highlights; Charles de Ketelaere sign as new AC Milan player.€36m fee