റയൽ മാഡ്രിഡിന്റെ 29 കാരനായ സ്പാനിഷ് മധ്യനിര താരം ഡാനി സെബയോസിന് ആയി ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ ശ്രമം. കഴിഞ്ഞ മത്സര ശേഷം ഇത് തന്റെ അവസാന റയൽ മാഡ്രിഡ് മത്സരം ആവാം എന്ന സൂചന സാമൂഹിക മാധ്യമത്തിൽ നൽകിയ താരത്തിനെ ലോണിൽ എത്തിക്കാൻ ആണ് നിലവിൽ മാഴ്സെ ശ്രമിക്കുന്നത്. ടീമിൽ അവസരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം.
അടുത്ത സീസണിൽ താരത്തെ വാങ്ങാം എന്ന ഉറപ്പും ഈ ലോൺ വ്യവസ്ഥയിൽ ഉണ്ടാവും. എന്നാൽ നിലവിൽ കാര്യങ്ങൾ മാഴ്സെക്ക് അത്ര എളുപ്പമല്ലെങ്കിലും അവർ താരത്തിന് ആയി ശ്രമങ്ങൾ തുടരുകയാണ്. തന്റെ മുൻ ക്ലബ് ആയ റയൽ ബെറ്റിസിലേക്ക് മടങ്ങാൻ താരത്തിന് താൽപ്പര്യം ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 2017 ൽ ബെറ്റിസിൽ നിന്നു റയൽ മാഡ്രിഡിൽ എത്തിയ താരം 2 വർഷം ആഴ്സണലിൽ ലോണിലും കളിച്ചു. പലപ്പോഴും പരിക്കുകൾ വില്ലനായ കരിയറിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സെബയോസിന് ഉയരാൻ സാധിച്ചിരുന്നില്ല.