അന്ന് റോക്കും ഗോൾഡ്ബർഗും, ഇപ്പോൾ മിനിയൻസ്! താരങ്ങളെ പ്രഖ്യാപിക്കുന്നതിൽ ബേർൺലിയുടെ പുതുവഴികൾ

പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തപ്പെട്ട ശേഷം അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്താൻ ശ്രമം നടത്തുകയാണ് ബേർൺലി. പരിശീലകനായി പ്രീമിയർ ലീഗ് ഇതിഹാസം വിൻസെന്റ് കൊമ്പനിയെ കൊണ്ടു വന്ന അവർ മികച്ച താരങ്ങളെ ടീമിൽ എത്തിക്കുന്നതിലും ശ്രദ്ധ കാണിക്കുന്നു. എന്നാൽ അവരുടെ താരങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രഖ്യാപനങ്ങൾ ആണ് നിലവിൽ വലിയ ശ്രദ്ധ നേടുന്നത്. നേരത്തെ ബെൽജിയം ക്ലബ്ബിൽ നിന്നു കോംഗോ മധ്യനിരതാരമായ സാമുവൽ ബാസ്റ്റിയനെ പ്രഖ്യാപിക്കാൻ 2003 ലെ ഡബ്യു.ഡബ്യു.ഇ വീഡിയോ ആയിരുന്നു ബേർൺലി ഉപയോഗിച്ചത്. 2003 ൽ റെസിലിങ് ഇതിഹാസം ഡെയിൻ ജോൺസൺ എന്ന റോക്ക് ഹോളിവുഡിലേക്ക് പോകുന്നതിനു മുമ്പ് നടന്ന റെസിൽ മാനിയ 19 ൽ സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിനെ വീഴ്ത്തി ഡബ്യു.ഡബ്യു.യിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കാൻ നിൽക്കുമ്പോൾ താരത്തെയും ആരാധകരെയും ഞെട്ടിച്ചു ഡബ്യു.സി.ഡബ്യു ഇതിഹാസം ഗോൾഡ്ബർഗിന്റെ വരവ് ആണ് സാമുവൽ ബാസ്റ്റിയനെ പ്രഖ്യാപിക്കാൻ ബേർൺലി ഉപയോഗിച്ചത്.

ഗോൾഡ്ബർഗിന്റെ ഡബ്യു.ഡബ്യു.ഇ അരങ്ങേറ്റ ദൃശ്യത്തിന് പകരം ബാസ്റ്റിയന്റെ ദൃശ്യങ്ങൾ ആണ് ഇവിടെ ഇംഗ്ലീഷ് ക്ലബ് ഉപയോഗിച്ചത്. ഇത്തവണ ചെൽസിയിൽ നിന്നു ലോണിൽ ഇയാൻ മാറ്റ്സനെ പ്രഖ്യാപിക്കാൻ ബേർൺലി കൂട്ടുപിടിച്ചത് ഡിസ്‌പികബിൾ മീ, മിനിയൻസ് ആനിമേഷൻ സിനിമ സീരീസിലൂടെ ലോകത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ച മിനിയൻസിനെ. താരത്തിന്റെ പേര് മിനിയൻസ് അലോസരമായി പാടുന്ന വീഡിയോ താരത്തിനോട് മുൻകൂർ ജാമ്യം എടുത്ത് ആണ് അവർ പുറത്ത് വിട്ടത്. കേൾക്കുന്നതിന് അനുസരിച്ച് അലോസരം കൂടുന്നു എന്നു പറഞ്ഞു ഇയാൻ മാറ്റ്സൻ തന്റെ ലാപ് ടോപ് അടക്കുന്നിടത്ത് ആണ് വീഡിയോ അവസാനിക്കുന്നത്. ഇങ്ങനെ ബേർൺലിയുടെ തമാശ നിറഞ്ഞ താരങ്ങളുടെ പ്രഖ്യാപനങ്ങൾക്ക് വലിയ പ്രതികരണം ആണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്.