ഗ്ലീസൺ ബ്രെമറിന് വേണ്ടി ഇറ്റാലിയൻ വമ്പന്മാർ നേർക്കുനേർ

20220718 200416

ടോറിനോയുടെ ബ്രസീലിയൻ താരം ഗ്ലീസൺ ബ്രെമറിന് വേണ്ടി ഇന്റർ മിലാനും യുവന്റസും ശ്രമങ്ങൾ ശക്തമാക്കി. താരത്തിന് പിറകെ ഇന്റർ ദിവസങ്ങളായി ഉണ്ടെങ്കിലും ടോറിനോയുമായി ധാരണയിൽ എത്താൻ സാധിച്ചിരുന്നില്ല. തങ്ങളുടെ പ്രമുഖ താരം ആയിരുന്ന സ്‌ക്രീനിയറിനെ പിഎസ്ജിയിലേക്ക് നഷ്ടപ്പെടുമെന്നതിനാൽ പകരകാരൻ ആയി ഇന്റർ കണ്ടിരുന്ന താരമായിരുന്നു ഗ്ലീസൺ ബ്രെമർ.

എന്നാൽ കൈമാറ്റ തുകയിൽ തട്ടി സ്‌ക്രിനിയറിന്റെ കൈമറ്റം വൈകിയപ്പോൾ ബ്രെമറിന് വേണ്ടിയുള്ള ചർച്ചകളും ഇന്റർ തണുപ്പിച്ചു. യുവന്റസ് ആവട്ടെ ഡിലിറ്റിനെ ബയേണിലേക്ക് കൈമാറുമെന്ന് ഉറപ്പിച്ചതോടെ സമയം കളയാതെ ഗ്ലീസൺ ബ്രെമറിന് വേണ്ടി കച്ചകെട്ടി ഇറങ്ങാൻ തീരുമാനിച്ചു. ഇതോടെ അപകടം മണത്ത ഇന്റർ മിലാൻ ടോറിനോയുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചു. ഇന്ററിന് താരവുമായി ധാരണയിൽ എത്താൻ സാധിച്ചില്ലെങ്കിൽ എത്രയും പെട്ടെന്ന് ടോറിനോയെ യുവന്റസ് സമീപിക്കും.

സീരി എയിൽ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന താരമാണ് ഇരുപത്തഞ്ചുകാരൻ. 2018ലാണ് ബ്രസീലിൽ നിന്നും ടോറിനോയിലേക്ക് ചേക്കേറുന്നത്. അവസാന മൂന്ന് സീസണുകളിൽ ടീമിലെ സ്ഥിരം സാന്നിധ്യം ആയി വളർന്നു. നിലവിൽ ഇന്റർ നൽകുന്നതിനേക്കാൾ തുക യുവന്റസിന് താരത്തിന് വേണ്ടി ചിലവാക്കാൻ കഴിയും. അതു കൊണ്ടു തന്നെ എത്രയും പെട്ടെന്ന് ചർച്ചകൾ അവസാനിപ്പിച്ച് താരത്തെ സ്വന്തമാക്കാൻ ആവും ഇന്ററിന്റെ ശ്രമം.