പരിക്ക് പ്രശ്നമല്ല, ഒരു സീസണിലേക്ക് കൂടി ഇബ്രയെ നിലനിർത്തി എസി മിലാൻ

Ibra

സ്ലാട്ടൺ ഇബ്രാഹിമോവിച്ചിന്റെ സേവനം എ സി മിലാൻ ഒരു വർഷത്തേക്ക് കൂടി നീട്ടി. മാസങ്ങളോളം പരിക്ക്മൂലം താരം പുറത്താക്കുമെന്ന് ഉറപ്പായിട്ടും സ്ലാട്ടനെ ടീമിൽ നിലനിർത്താനുള്ള തീരുമാനം മിലാൻ എടുക്കുകയായിരുന്നു. ടീമിൽ തുടരാൻ വേണ്ടി സാലറിയിൽ കുറവ് വരുത്താനും താരം തയ്യാറായിട്ടുണ്ട്. വെറും ഒന്നര മില്യൺ യൂറോ മാത്രമാകും വാർഷിക വരുമാന ഇനത്തിൽ താരത്തിന് ലഭിക്കുക. എങ്കിലും പ്രകടന മികവ് അനുസരിച്ചു നല്ലൊരു തുക കരാറിൽ ഉൾപ്പെടുത്താനും മിലാൻ തയ്യാറായിട്ടുണ്ട്.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം എ സി മിലാൻ വീണ്ടും സീരി എ ചാമ്പ്യന്മാരായപ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ സ്ലാട്ടനും ഉണ്ടായിരുന്നു. പതിനൊന്ന് വർഷം മുൻപ് അവസാനമായി ഏസി മിലാൻ സീരി എ നേടുമ്പോഴും ടീമിലെ അഭിവാജ്യ ഘടകമായി സ്ലാട്ടൻ ഉണ്ടായിരുന്നു. ഇത്തവണ സീരി എ ചാമ്പ്യന്മാർ ആയ ശേഷം ഡ്രസിങ് റൂമിൽ വെച്ചു സഹതരങ്ങളോടായി സ്ലാട്ടൻ പറഞ്ഞ വാക്കുകൾ മിലാൻ ആരാധകരെ മാത്രമല്ല, ഫുട്ബോൾ പ്രേമികളെ മുഴുവൻ ആവേഷത്തിലാഴ്ത്തിയിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാൻ കൊതിക്കുന്ന മിലാന്, സ്ലാട്ടനെ പോലെ ഒരു മുതിർന്ന താരത്തിന്റെ സാന്നിധ്യം ഡ്രസിങ് റൂമിനെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന കൃത്യമായ ധാരണയും ഉണ്ട്.

പുതിയ കരാർ പ്രകാരം അടുത്ത വർഷം ജൂൺ വരെ താരം മിലാനിൽ തുടരും. എങ്കിലും പരിക്കിൽ നിന്നും മുക്തനായി ലോകകപ്പിന് ശേഷം ലീഗ് പുനരാരംഭിക്കുമ്പോൾ മാത്രമേ സ്ലാട്ടനെ വീണ്ടും കളത്തിൽ കാണാൻ സാധിക്കുകയുള്ളൂ.