ട്രാൻസ്ഫർ വിൻഡോ ഉഴുതുമറിച്ച് മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ഇത്തവണ ബാഴ്സലോണക്ക് ആയിരുന്നു. അപ്പോഴും പ്രതീക്ഷിച്ച താരങ്ങളെ എത്തിക്കാൻ കഴിയാതെ ഇരുന്ന രണ്ട് പൊസിഷനുകൾ ആയിരുന്നു റൈറ്റ് – ലെഫ്റ്റ് ബാക്ക് സ്ഥാനങ്ങൾ. ഈ സ്ഥാനങ്ങളിലേക്ക് അടുത്ത സീസണിന് മുൻപ് താരങ്ങളെ എത്തിക്കാൻ ബാഴ്സലോണക്ക് പദ്ധതിയുണ്ട്. റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഒരു താരത്തെ ടീം കണ്ടു വെച്ചു കഴിഞ്ഞു എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ. അമേരിക്കയിൽ ലോസ് അഞ്ചലസ് ഗാലക്സിക്ക് വേണ്ടി കളിക്കുന്ന മെക്സിക്കൻ താരം ഹൂലിയൻ അരാഹുവോ ആണ് ഈ താരം.
ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തിന്റെ പേര് ബാഴ്‌സയുടെ പരിഗണനയിൽ വന്നിരുന്നു. എന്നാൽ ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. കാലിഫോർണിയയിൽ ജനിച്ച ഇരുപത്തിയൊന്നുകാരനായ താരം ജൂനിയർ തലത്തിൽ അമേരിക്കക്ക് വേണ്ടിയും പിന്നീട് സീനിയർ തലത്തിലും ഒരു മത്സരം അമേരിക്കൻ ദേശിയ ടീമിന് വേണ്ടി കളിച്ചു. എന്നാൽ പിന്നീട് ഇരട്ട പൗരത്വം ഉള്ള അരാഹുവോ മെക്സിക്കൻ ടീമിലേക്ക് മാറുകയായിരുന്നു. എഫ്സി പോർട്ടോയും താരത്തിന് വേണ്ടി അടുത്തിടെ ശ്രമങ്ങൾ നടത്തിയതായി സൂചന ഉണ്ടായിരുന്നു.
മുൻപ് ബാഴ്‌സലോണയുടെ അരിസോണയിലുള്ള അക്കാദമിയിൽ താരം പരിശീലനം നേടിയിട്ടുണ്ട്. താരത്തിന്റെ പ്രകടനം പല യൂറോപ്യൻ ടീമുകളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. സെർജിന്യോ ഡെസ്റ്റിന് ടീമിന് പുറത്തേക്കുള്ള വഴി തേടിയ ബാഴ്‌സലോണക്ക് നിലവിൽ സെർജി റോബർട്ടോ, ബെല്ലാരിൻ എന്നിവരാണ് റൈറ്റ് ബാക്ക് സ്ഥാനത്ത് ഉള്ളത്. കഴിഞ്ഞ മത്സരങ്ങളിൽ ജൂൾസ് കുണ്ടേയെ സാവി ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു. ദീർഘ കാലത്തേക്ക് റൈറ്റ് ബാക്ക് സ്ഥാനത്തെക്കുള്ള ടീമിന്റെ ലക്ഷ്യമായാണ് അരാഹുവോയെ ബാഴ്‌സലോണ കാണുന്നത്.