മാഞ്ചസ്റ്റർ സിറ്റി വിട്ട അർജന്റീനൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ ഇനി ബാഴ്സലോണക്ക് സ്വന്തം. താരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ബാഴ്സലോണ നടത്തി. 2 വർഷത്തെ കരാറിലാണ് മെസ്സിയുടെ അടുത്ത സുഹൃത്ത് കൂടിയായ സെർജിയോ അഗ്വേറോ ക്യാമ്പ് ന്യൂവിൽ എത്തുന്നത്.
സിറ്റിയിൽ കരാർ അവസാനിച്ചതോടെയാണ് താരം ഫ്രീ ഏജന്റ് ആയത്. ഇതോടെ മികച്ച റെക്കോർഡ് ഉള്ള, തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആയ അഗ്വേറോയെ പണം ഒന്നും മുടക്കാതെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് അവസരം ഒരുങ്ങിയത്. നേരത്തെ സിറ്റിയിൽ അഗ്വേറോയുടെ സഹ താരമായിരുന്ന എറിക് ഗാർസിയയെ ഫ്രീ ട്രാൻസ്ഫറിൽ തന്നെ ബാഴ്സ സ്വന്തമാക്കിയിരുന്നു.
ല ലീഗെയിൽ നേരത്തെ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 2006 മുതൽ 2011 വരെ അഗ്വേറോ കളിച്ചിരുന്നു. പിന്നീട് സിറ്റിയിൽ ചേർന്ന താരം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്‌ട്രൈകർമാരിൽ ഒരാൾ എന്ന നിലയിലേക്ക് പോന്ന പ്രകടനമാണ് പുറത്തെടുത്തത്. പക്ഷെ തന്റെ സിറ്റിക്ക് വേണ്ടിയുള്ള അവസാന മത്സരത്തിൽ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള അവസരം അവസാന നിമിഷം താരത്തിന് നഷ്ടപ്പെട്ടു. ഫൈനലിൽ ചെൽസിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കളിയിൽ താരം പകരക്കാരനായി 77 ആം മിനുട്ടിൽ ആണ് ഇറങ്ങിയത്.