ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ തിമൊ ബകയൊകോ വീണ്ടും ലോണിൽ ക്ലബ് വിട്ടു. ഇറ്റാലിയൻ ക്ലബായ നാപോളി ആണ് ബകയൊകോയെ ലോണിൽ സൈൻ ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ ലോണിൽ ആണ് ഒപ്പുവെച്ചത്. സീസൺ അവസാനം താരത്തെ നാപോളി സ്ഥിര കരാറിൽ സ്വന്തമാക്കിയേക്കും. 2017ൽ വലിയ പ്രതീക്ഷയോടെ ചെൽസിയിൽ എത്തിയ ബകയൊകോയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ഇതുവരെ ആയിരുന്നില്ല.
അവസാന രണ്ട് സീസണിലും ബൊകയോകോയെ ചെൽസി ലോണിൽ അയക്കുക ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ മൊണാക്കോയിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. ഒരു സീസൺ മുമ്പ് ബകയോകോ മിലാനിലും ലോണിൽ കളിച്ചിരുന്നു. 25കാരനായ താരം പണ്ട് മൊണാക്കോയിലും റെന്നെസിലും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.