അത്ലറ്റിക്കോ മാഡ്രിഡ് താരം യാനിക് കരാസ്കോ ഇനി സൗദി അറേബ്യയിൽ. താരത്തെ സൗദി ക്ലബായ അൽ ശബാബ് സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ അത്ലറ്റിക്കോ മാഡ്രിഡ് കരാറിൽ ഒരു വർഷം മാത്രം ശേഷിക്കുന്ന യാനിക്ക് കരാസ്കോ ഈ സമ്മറിന്റെ തുടക്കം മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന് 15 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ആയി ലഭിക്കും.
29കാരനായ ബെൽജിയം താരം അവസാന മൂന്നു വർഷമാായി അത്ലറ്റികോ മാഡ്രിഡിനൊപ്പം ഉണ്ട്. മുമ്പ് 2015 മുതൽ 2018 വരെയും അത്ലറ്റികോയ്ക്ക് ഒപ്പം കരാസ്കോ കളിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു. കൂടാതെ ചൈനയിലും മൊണാക്കോയിലും കരാസ്കോ കളിച്ചിട്ടുണ്ട്.
ബെൽജിയം ദേശീയ ടീമിനായി 66 മത്സരങ്ങൾ കളിച്ച കരാസ്കോ 9 ഗോളുകൾ തന്റെ രാജ്യത്തിനായി നേടിയിട്ടുണ്ട്. 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ ബെൽജിയം ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു.