അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടാം സൈനിംഗ് ഉടൻ, ഉദിനീസ് പ്രതിരോധ താരം മാഡ്രിഡിലേക്ക്

ഉദിനീസ് പ്രതിരോധ താരം നാഹ്വെൽ മോളീനയെ ടീമിൽ എത്തിക്കാനുള്ള അത്ലറ്റികോ മാഡ്രിഡിന്റെ ശ്രമങ്ങൾ വിജയത്തിലേക്ക്. ഇരു ടീമുകളും നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. കൈമാറ്റ തുകയോടൊപ്പം തങ്ങളുടെ പ്രതിരോധ താരം നെഹ്വെൻ പെരെസിനെ അത്ലറ്റികോ ഉദിനീസിന് കൈമാറും.

വലത് ബാക് സ്ഥാനത്ത് ട്രിപ്പിയറെ ന്യൂകാസിലിലേക്ക് നഷ്ടമായതോടെയാണ് അത്ലറ്റികോ പകരം താരത്തെ തേടി ഇറങ്ങിയത്. മോളീനയിൽ ടീം കണ്ണു വെച്ചെങ്കിലും താരത്തിന് യുവന്റസിൽ എത്താനായിരുന്നു താല്പര്യം എന്നതിനാൽ ചർച്ചകൾ വൈകി. ഒടുവിൽ ലാ ലീഗ ടീമിലേക്ക് തന്നെ പോകാൻ താരം സമ്മതം മൂളുകയായിരുന്നു. 2020ൽ അർജന്റീനയിൽ നിന്നും ഉദിനീസിൽ എത്തിയ താരം രണ്ട് സീസണുകളിലായി അറുപതോളം മത്സരങ്ങളിൽ ഇറങ്ങി. വിങ് ബാക് സ്ഥാനത്ത് മികച്ച കളി പുറത്തെടുക്കുന്ന താരം ഏഴു ഗോളുകളും അവസാന സീസണിൽ ടീമിനായി നേടിയിരുന്നു. അർജന്റീന ടീമിലും അടുത്ത കാലത്ത് ഇരുപത്തിനാലുകാരൻ സാന്നിധ്യം അറിയിക്കാറുണ്ട്.

മോളീനയെ എത്തിക്കുമ്പോൾ പകരം അത്ലറ്റികോയിൽ നിന്നും ഉദിനീസിലേക്ക് ചേക്കേറുന്ന നെഹ്വെൻ പേരെസും അർജന്റീനൻ താരമാണ്.അവസാന സീസണിൽ ഉദിനീസിന് വേണ്ടി ലോണിൽ കളിച്ചിരുന്നു.