ബാഴ്‌സയിൽ സന്തോഷവാൻ, ടീമിൽ തുടരും : സെർജിന്യോ ഡെസ്റ്റ്

Nihal Basheer

20220715 170325

എഫ്സി ബാഴ്‌സലോണക്കൊപ്പം താൻ പൂർണ സന്തോഷവാനാണെന്നും ടീം വിടുന്നതിനെ പറ്റി ചിന്തിക്കുന്നില്ലെന്നും സെർജിന്യോ ഡെസ്റ്റ്. ഈഎസ്പിഎന്നുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ടീമിൽ പ്രതിഭാധനരായ ഒരു പിടി താരങ്ങൾ ഉണ്ട്. ഒരു പുതിയ തലമുറയെ വാർത്തെടുക്കാനാണ് ബാഴ്‌സയുടെ ശ്രമം. എന്നാൽ ഇതിന് സമയം അത്യാവശ്യമാണെന്നും താരം കൂട്ടിച്ചേർത്തു.മുൻപ് ഉണ്ടായിരുന്ന ബാഴ്‌സലോണ ടീമുകളെ പോലെ നേട്ടങ്ങൾ കൊയ്യാൻ തങ്ങൾക്ക് സാധിക്കുമെന്നും താരം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

അമേരിക്കയിൽ ബാഴ്‍സലോണ ജേഴ്‌സിയണിഞ്ഞു ഇറങ്ങുന്നതിലെ ആകാംക്ഷയും താരം പങ്കുവെച്ചു. ആദ്യമായിട്ടാണ് സ്വന്തം രാജ്യത്ത് ബാഴ്‌സയുടെ ജേഴ്‌സി അണിഞ്ഞു ഇറങ്ങാൻ പോകുന്നത്. ന്യൂയോർക്ക്,മിയാമി,ലാസ് വെഗാസ്,ഡള്ളാസ് എന്നിവിടങ്ങളിലെ മത്സരങ്ങൾ മികച്ച അനുഭവമാകുമെന്ന് താരം പ്രതീക്ഷ പങ്കുവെച്ചു. മാഡ്രിഡ്,യുവന്റസ് ടീമുകളുമായുള്ള മത്സരങ്ങൾ ടീമിനെ വിലയിരുത്താനുള്ള അവസരമാണ്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി പരിക്കുകൾ ഇല്ലാതെ കളിക്കാൻ ആണ് താൻ ലക്ഷ്യമിടുന്നതെന്നും താരം വെളിപ്പെടുത്തി.