അസെൻസിയോ റയൽ വിട്ടേക്കും

20220627 112517

സ്പാനിഷ് താരം മാർക്കോസ് അസെൻസിയോ റയൽ മാഡ്രിഡ് വിട്ടേക്കും. ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് ടീം വിടാനുള്ള തീരുമാനത്തിലേക്ക് അസെൻസിയോ എത്തിയത്. താരത്തിന് പുതിയ കരാർ നൽകാൻ റയൽ ആഗ്രഹിക്കുന്നില്ലെന്നതും കാരണമായി. ഇതോടെ മുന്നേറ്റതാരത്തിന് വേണ്ടിയുള്ള ക്ലബ്ബുകൾ കണ്ടെത്താനുള്ള നീക്കത്തിലാണ് ഏജന്റ് ജോർജോ മെന്റസ്.

നിലവിൽ വിവിധ പ്രീമിയർ ലീഗ് ടീമുകളും എസി മിലാനും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏകദേശം നാല്പത് മില്യൺ യൂറോക്കാണ് താരത്തിനെ കൈമാറാൻ വേണ്ടി റയൽ ഉദ്ദേശിക്കുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അസെൻസിയോക്ക് വേണ്ടി ഔദ്യോഗികമായ ഓഫറുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ചർച്ചകൾ മുന്നോട്ടു പോകുന്ന മുറക്ക് തങ്ങളുടെ ഓഫർ സമർപ്പിക്കാൻ എസി മിലാൻ ശ്രമിച്ചേക്കും. റയൽ ഉദ്ദേശിക്കുന്ന അത്ര തുക നൽകാൻ മിലാൻ സാധിച്ചേക്കുമോ എന്നതും സംശയമാണ്. ടീം ശക്തിപ്പെടുത്തി ലീഗ് കിരീടം നിലനിർത്താനിറങ്ങുന്ന മിലാന് ഉദ്ദേശിച്ച തുകക്ക് താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും.അടുത്ത വർഷത്തോടെയാണ് താരത്തിന്റെ നിലവിലെ കരാർ അവസാനിക്കുന്നത്.

ഇസ്ക,ബെയിൽ, മാഴ്സലോ തുടങ്ങി ഒരു പിടി താരങ്ങളാണ് റയലുമായി കരാർ പുതുക്കാതെ ഈ മാസത്തോടെ ടീമിൽ നിന്നും പടിയിറങ്ങുന്നത്. പുതിയ ടീം കെട്ടിപ്പടുക്കുന്നതിന് മുന്നോടിയായി നിലവിലെ ടീമിൽ നിന്നും കുറച്ചു താരങ്ങളെ ഒഴിവാക്കാനും കൈമാറ്റത്തിലൂടെ കഴിയുന്നത്ര തുക സമാഹരിക്കാനും റയലും ശ്രമിക്കുന്നു.