ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മയങ്ക് അഗർവാളിനെ ഉൾപ്പെടുത്തി

ഇംഗ്ലണ്ടിനെതിരെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് ഓപ്പണിങ് ബാറ്റ്സ്മാൻ മയങ്ക് അഗർവാളിനെ ഉൾപ്പെടുത്തി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് മയങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.

ജൂലൈ 1ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപ് രോഹിത് ശർമ്മ കോവിഡ് മാറി തിരിച്ചെത്തിയില്ലെങ്കിൽ മയങ്ക് അഗർവാൾ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ ഉള്ള മയങ്ക് അഗർവാൾ ഇന്ന് തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. കഴിഞ്ഞ മാർച്ചിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പാരമ്പരയിലാണ് മയങ്ക് അഗർവാൾ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ കെ.എൽ രാഹുലും പരിക്ക് മൂലം പുറത്തായതോടെ ഇന്ത്യൻ ടീമിൽ ഓപ്പണറായി ശുഭ്മൻ ഗിൽ മാത്രമാണ് ഉള്ളത്. തുടർന്നാണ് മയങ്ക് അഗർവാളിനെ ടീമിൽ ഉൾപെടുത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്. രോഹിത് ശർമ്മ കോവിഡ് മാറി തിരിച്ചെത്തിയില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ അഭാവത്തിൽ പുതിയ ക്യാപ്റ്റനെയും ബി.സി.സി.ഐ കണ്ടെത്തേണ്ടിവരും.