യൂറോ കപ്പിൽ ഇറ്റലിക്ക് ആയി തിളങ്ങിയ യുവ പ്രതിരോധതാരം റിക്കാർഡോ കാലഫിയോരിയെ ആഴ്‌സണൽ സ്വന്തമാക്കാൻ ഒരുങ്ങുന്നു. നിലവിൽ താരവും ആയി ആഴ്‌സണൽ വ്യക്തിഗത ധാരണയിൽ എത്തിയത് ആയി ആണ് റിപ്പോർട്ട്. ശമ്പളത്തിന്റെ കാര്യത്തിലും 2029 വരെയുള്ള കരാറിന്റെ കാര്യത്തിലും 22 കാരനായ താരവും ആയി ആഴ്‌സണൽ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ട്. നിലവിൽ താരത്തിന്റെ ക്ലബ് ആയ ബ്ലൊലോഗ്നയും ആയി ട്രാൻസ്ഫർ തുകയിൽ ആഴ്‌സണൽ ചർച്ചകൾ നടത്തുകയാണ്.
ഈ യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ 3 കളിയിലും തിളങ്ങിയ കാലഫിയോരി പ്രീ ക്വാർട്ടറിൽ സസ്‌പെൻഷൻ കാരണം കളിക്കാത്തത് ഇറ്റലിക്ക് കനത്ത തിരിച്ചടി ആയിരുന്നു. ഈ സീസണിൽ മികച്ച കളി പുറത്ത് എടുത്ത താരത്തിന്റെ കൂടി മികവിൽ ആണ് ബ്ലൊലോഗ്ന ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്. 2020 ൽ റോമക്ക് ആയി കളിച്ചു കൊണ്ടു കരിയർ തുടങ്ങിയ താരം ജെനോവ, ബേസൽ ക്ലബുകൾക്കും ആയി കളിച്ചു. ബ്ലൊലോഗ്നയിലെ മികവ് ആണ് താരത്തിന് ദേശീയ ടീമിൽ ഇടം നൽകിയത്. ഇടത് കാലൻ പ്രതിരോധതാരമായ കാലഫിയോരി മികച്ച ടെക്‌നിക്കിനും ബോൾ കാരിയിങ്, ഷൂട്ടിങ് മികവിനും പ്രസിദ്ധനാണ്. താരത്തിന്റെ ട്രാൻസ്ഫർ തുകയുടെ പകുതി മുൻ ക്ലബ് ആയ ബേസലിന് ആണ് ലഭിക്കുക. നിലവിൽ താരത്തെ സ്വന്തമാക്കാൻ ആയാൽ ആഴ്‌സണലിന്റെ ടീമിന് അത് വലിയ കരുത്ത് ആവും പകരുക.