ബയേർ ലെവർകുസനിൽ നിന്നു ഇക്വഡോർ ലെഫ്റ്റ് ബാക്ക് പിയെറോ ഇൻകാപ്പിയെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. നിലവിൽ സീസൺ ലോൺ അടിസ്ഥാനത്തിൽ ആണ് താരം ലണ്ടൻ ക്ലബിൽ ചേരുക. അടുത്ത സീസണിൽ താരത്തെ 52 മില്യൺ യൂറോ നൽകി ആഴ്‌സണലിന് സ്വന്തമാക്കാം, 5 വർഷത്തേക്ക് ഇതിനു ശേഷമുള്ള കരാറിന് താരം ആഴ്‌സണലും ആയി ധാരണയിലും എത്തിയിട്ടുണ്ട്. 23 കാരനായ താരം ആഴ്‌സണലിന് ആയി കളിക്കുന്ന ആദ്യ ഇക്വഡോർ താരമാവും.
ആഴ്‌സണലിൽ അഞ്ചാം നമ്പർ ജേഴ്‌സി ആവും ഇൻകാപ്പിയെ ധരിക്കുക. ലെഫ്റ്റ്, സെന്റർ ബാക്ക് ആയി തിളങ്ങുന്ന താരത്തിന് വലിയ മത്സര പരിചയം യൂറോപ്പിൽ ഉണ്ട്. 2021 ൽ അർജന്റീനൻ ക്ലബിൽ നിന്നു ബയേർ ലെവർകുസനിൽ എത്തിയ താരം ജർമ്മൻ ക്ലബിനായി 165 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ലെവർകുസനു ബുണ്ടസ് ലീഗ കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ഇൻകാപ്പിയെ. ഈ ട്രാൻസ്‌ഫർ വിപണിയിലെ ആഴ്‌സണലിന്റെ അവസാന ട്രാൻസ്ഫർ ആവും ഇത്. നിലവിൽ ക്ലബിൽ തങ്ങാതെ നേരിട്ടു ഇക്വഡോർ ദേശീയ ടീമിനോട് ഒപ്പം ആവും ഇൻകാപ്പിയെ ചെയ്യുക. അതേസമയം ആഴ്‌സണൽ താരം ജേക്കബ് കിവിയോറിനെ ലോണിൽ സ്വന്തമാക്കിയ എഫ്.സി പോർട്ടോ താരത്തിന്റെ വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.