ഐവറി കോസ്റ്റ് താരം ഫ്രാങ്ക് കെസ്സിയും സൗദിയിലേക്ക്. ആഴ്ചകൾ ആയി പിറകെയുള്ള അൽ അഹ്ലിയോട് താരം ഒടുവിൽ സമ്മതം മൂളിയതോടെയാണ് കൈമാറ്റം സാധ്യമായത്. താരം മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പിടുകയെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കൈമാറ്റ തുകയായി ഏകദേശം 15മില്യൺ യൂറോ ബാഴ്‌സക്ക് നൽകാനും ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയിയിട്ടുണ്ട്. ഉടൻ തന്നെ ബാക്കി നടപടികളും പൂർത്തിയായേക്കും. നേരത്തെ മിലാനിൽ വിട്ടാണ് കെസ്സി ഫ്രീ ഏജന്റ് ആയി ബാഴ്‌സയിൽ എത്തിയത്.
ഇതോടെ ഒരു സീസൺ മാത്രം നീണ്ട കെസ്സിയുടെ ലാ ലീഗ വാസത്തിനും അന്ത്യമായി. പലപ്പോഴും ആദ്യ ഇലവനിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും എൽ ക്ലാസിക്കോ ഗോൾ അടക്കം നേടി തന്റെ സാന്നിധ്യം ടീമിൽ അറിയിക്കാൻ താരത്തിനായിരുന്നു. ഇത്തവണ പ്രീ സീസണിൽ സാവി കുറഞ്ഞ സമയം അനുവദിച്ചപ്പോൾ തന്നെ താരത്തിന്റെ ഭാവി ബാഴ്‌സയിൽ അല്ലെന്ന സൂചനകൾ ലഭിച്ചിരുന്നു. നേരത്തെ ടോട്ടനം, യുവന്റസ് എന്നിവരും കെസ്സിക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. യുവന്റസ് കഴിവതും ശ്രമിച്ചെങ്കിലും താരത്തിന്റെ സമ്മതം നേടിയെടുക്കാൻ സാധിച്ചില്ല. കൂടാതെ സാമ്പത്തിക പ്രശ്നങ്ങളും അവർക്ക് വിലങ്ങു തടിയായി. റിയാദ് മെഹ്റസ്, സെയ്ന്റ്-മാക്സിമിൻ, റോബർട്ടോ ഫിർമിനോ തുടങ്ങിയ തരനിരയാണ് കെസ്സിക്കൊപ്പം പന്തു തട്ടാൻ അൽ അഹ്ലിയിൽ ഉണ്ടായിരിക്കുക.
Download the Fanport app now!