അയാക്സ് താരം മുഹമ്മദ് കുദുസ് എവർടനിലേക്ക്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയാവാറായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത്തിരണ്ടുകാരനായ ഘാന താരത്തെ ലോണിൽ ആവും എവർടൻ ടീമിൽ എത്തിക്കുക. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും അവർക്കാകും. ചർച്ചകൾ പൂർത്തിയവുന്നതോടെ ഉടനെ കൈമാറ്റം സാധ്യമാകും.
2020ലാണ് കുദുസ് അയാക്സ് ടീമിൽ എത്തുന്നത്. പലപ്പോഴും പരിക്ക് അലട്ടിയിരുന്ന താരത്തിന് രണ്ടു സീസണുകളിലായി മുപ്പതോളം മത്സരങ്ങൾ മാത്രമേ ടീമിനായി ഇറങ്ങാൻ സാധിച്ചിരുന്നുള്ളൂ. പരിക്ക് ഭേദമായി പ്രീ സീസണിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും കോച്ച് ഷ്രൂഡർ സബ്സ്റ്റിട്യൂട്ട് താരമായിട്ടാണ് പരിഗണിക്കുന്നത് എന്നതും കുദുസ് ടീം വിടാനുള്ള തീരുമാനത്തിൽ എത്താൻ കാരണമായി.
അറ്റാക്കിങ് മിഡ്ഫീൽഡർ ആണ് കുദുസ്. നിലവിൽ ഈ സ്ഥാനത്ത് ആന്റണി ഗോർഡോൺ ഉണ്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തിന് പിറകെ ഇംഗ്ലണ്ടിലെ എല്ലാ വമ്പന്മാരും കണ്ണ് വെച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ കൂടി നേരിടുന്ന എവർടന് ഭാവിയിൽ ഗോർഡോനെ കൈമാറേണ്ടി വന്നാലും പകരക്കാരനായി കുദുസിനെ ഉപയോഗിക്കാം എന്നാണ് ടീം കണക്ക് കൂടുന്നത്.