അർജന്റീനൻ സ്‌ട്രൈക്കർ ലൂക്കാസ് റോമനെ ബാഴ്‌സലോണ സ്വന്തമാക്കി. 2026 വരെയുള്ള കരാറിൽ ആണ് പതിനെട്ടുകാരൻ സ്പെയിനിലേക്ക് വിമാനം കയറുന്നത്. ബാഴ്‌സലോണ ബി ടീമിനോടൊപ്പമായിരിക്കും പതിനെട്ടുകാരൻ തുടർന്ന് പന്തു തട്ടുക. സ്‌ട്രൈക്കർ ആയും റൈറ്റ് വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും താരത്തിന് തിളങ്ങാൻ കഴിയുമെന്നാണ് സൈനിങ് പ്രഖ്യാപിച്ചു കൊണ്ട് ബാഴ്‌സലോണ അറിയിച്ചത്. ഏകദേശം ഒന്നര മില്യൺ യൂറോയോളമാണ് കൈമാറ്റ തുക.
അർജന്റീനൻ ക്ലബ്ബ് ആയ ഫെറോ കാറിൽ നിന്നാണ് റോമൻ ബാഴ്‌സലോണയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടീമിനായി അരങ്ങേറി. ഇരുപത്തിയെഴു മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ നേടി. ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്റീന ദേശിയ യൂത്ത് ടീമിലും താരം ഇടം പിടിച്ചിരുന്നു. സ്‌ട്രൈക്കർ സ്ഥാനത്ത് തന്നെയാകും താരം ബാഴ്‌സ ബി ടീമിൽ കളത്തിൽ ഇറങ്ങുക എന്നാണ് സൂചനകൾ.