ബാഴ്സലോണയുടെ ചിലിയൻ മിഡ്ഫീൽഡർ ആർടുറോ വിദാൽ ക്ലബ്ബ് വിടുന്നു. സ്പെയിൻ വിട്ട് ഇറ്റലിയിലേക്ക് പറക്കാനാണ് വിദാൽ ഒരുങ്ങുന്നത്. ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യത്തിലാണ് വിദാലിന്റെ ട്രാൻസ്ഫർ നടക്കുക. ഇന്ററിന്റെ പരിശീലകനായി ഇറ്റലിയിൽ തിരികെയെത്തിയത് മുതൽ വിദാലിനെ സാൻ സൈറോയിൽ എത്തിക്കാൻ കോണ്ടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഇന്ററിലേക്ക് വിദാലിനെ എത്തിക്കാനും വിഫലമായ ശ്രമവും നടന്നിരൂന്നു.
ബയേണിൽ നിന്നും ബാഴ്സയിൽ എത്തുന്നതിന് മുൻപ് ഇറ്റലിയിലേക്ക് മടങ്ങാൻ വിദാൽ ശ്രമം നടത്തിയിരുന്നു. മുൻ യുവന്റസ് താരമാണ് വിദാൽ. ചാമ്പ്യൻസ് ലീഗിലെ ബയേണിനെതിരായ 8-2 ന്റെ പരാജയഭാരവും പുതിയ പരിശീലകൻ കൊമാന്റെ വരവുമൊക്കെയാണ് വിദാലിന്റെ ക്ലബ്ബ് വിടലിന് പിന്നിൽ. യുവതാരം ഡിയോങ്ങിന്റെ സാന്നിധ്യവും മറ്റൊരു കാരണമാണ്. ബാഴ്സലോണയുമായി വീണ്ടും ചർച്ചകൾ പുനരാരംഭിച്ച ഇന്റർ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താരങ്ങളുടെ ഉയർന്ന പ്രതിഫലം കുറക്കാൻ ശ്രമിക്കുന്ന ബാഴ്സയും ഈ ട്രാൻസ്ഫറിന് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.