അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയറെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ 14 മില്യൺ യൂറോയുടെ ബിഡ് അത്ലറ്റിക്കോ മാഡ്രിഡ് തള്ളി. ട്രിപ്പിയയുടെ റിലീസ് ക്ലോസായ 40 മില്യണ് അടുത്ത് പോലുമില്ലാത്ത ഓഫർ നൽകിയതിൽ അത്ലറ്റിക്കോ മാഡ്രിഡ് രോഷാകുലരുമാണ്. 35 മില്യണിൽ കുറഞ്ഞ ഒരു ഓഫറും പരിഗണിക്കില്ല എന്നാണ് അത്ലറ്റിക്കോ മാഡ്രിഡ് അറിയിച്ചിരിക്കുന്നത്.
അത്ലറ്റിക്കോ മാഡ്രിഡിലെ പ്രധാന താരങ്ങളിൽ ഒന്നായ ട്രിപ്പിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബായ യുണൈറ്റഡിന് റൈറ്റ് ബാക്കായി ഇപ്പോൾ വാൻ ബിസാക ആണ് ഉള്ളത്. എന്നാൽ ബിസാകയുടെ അറ്റാക്കിംഗ് സ്കില്ലുകൾ വളരെ മോശമായതിനാൽ ആണ് കുറച്ചു കൂടെ അറ്റാക്കിംഗ് മൈൻഡഡ് ആയ ട്രിപ്പിയക്ക് വേണ്ടി യുണൈറ്റഡ് ശ്രമിക്കുന്നത്.
ഇനിയും അത്ലറ്റിക്കോയിൽ ഒരു വർഷത്തെ കരാർ ട്രിപ്പിയർക്ക് ബാക്കിയുണ്ട്. ലാലിഗ കിരീടം നേടിയ താരത്തെ എളുപ്പത്തിൽ വിട്ടു നൽകാൻ അത്ലറ്റിക്കോ മാഡ്രിഡ് തയ്യാറാവില്ല എന്നാണ് ആദ്യ ചർച്ചകൾ നൽകുന്ന സൂചന. രണ്ടു വർഷം ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിലും കളിച്ചിട്ടുണ്ട്.