മാഞ്ചസ്റ്റർ സിറ്റി വിടുന്ന ഡേവിഡ് സിൽവ ഇറ്റലിയിലേക്ക് പോകും എന്ന് സൂചന. ഇറ്റാലിയൻ ക്ലബായ ലാസിയോയുമായി ചർച്ച നടത്തുന്ന ഡേവിഡ് ആ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചേക്കും. നാലു വർഷം നീണ്ടു നിക്കുന്ന കരാറാണ് ലാസിയോ സിൽവയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റായ സിൽവ തന്റെ ശേഷിക്കുന്ന കരിയർ ലാസിയോയിൽ കളിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
സിൽവ ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയോടും ഇംഗ്ലീഷ് ഫുട്ബോളൊനോടും വിട പറയുകയാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവസാന പത്തു വർഷമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാന താരമായിരുന്നു സിൽവ.മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കൂടെ വിജയിച്ച് കൊണ്ട് സിറ്റി കരിയർ അവസാനിപ്പിക്കാൻ ആണ് സിൽവ ആഗ്രഹിക്കുന്നത്. ചാമ്പ്യൻസ് ലീഗ് കഴിഞ്ഞാൽ ആകും പുതിയ ക്ലബിലേക്കുള്ള കൂടുമാറ്റം സിൽവ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
2010ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ സിറ്റിക്കായി പ്രീമിയർ ലീഗിൽ 309 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ലീഗിൽ 60 ഗോളുകളും നേടി. അഞ്ച് ലീഗ് കപ്പും രണ്ട് എഫ് എ കപ്പും കൂടെ സിൽവയുടെ സിറ്റിയിലെ നേട്ടമായുണ്ട്.