സെർജിയോ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സെർജിയോ റൊമേരോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമങ്ങൾ സജീവമാക്കി. ഡീൻ ഹെൻഡേഴ്സ്ണൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും എന്ന് ഉറപ്പായതോടെയാണ് സെർജിയോ റൊമേരോ ക്ലബ് വിടാൻ ഒരുങ്ങുന്നത്. ഇനി മാഞ്ചസ്റ്ററിൽ ഡി ഹിയയും ഡീൻ ഹെൻഡേഴ്സണും തമ്മിലാകും ഗോൾ വല കാക്കാനുള്ള പോരാട്ടം. ഇത് സെർജിയോ റൊമേരോയെ മൂന്നാം കീപ്പറാക്കി മാറ്റും. അതുകൊണ്ടാണ് അദ്ദേഹം ക്ലബ് വിടുന്നത്.

പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയാണ് റൊമേരോയ്ക്ക് വേണ്ടി ഏറ്റവും മുന്നിൽ ഉള്ളത്. 18 മില്യണോളം ആസ്റ്റൺ വില്ല റൊമേരോയ്ക്ക് വേണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ലീഡ്സ് യുണൈറ്റഡും എവർട്ടണും റൊമേരോയ്ക്ക് വേണ്ടി രംഗത്തുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോൾ കീപ്പറായ റൊമേരോയ്ക്ക് യുണൈറ്റഡിൽ കാര്യമായ അവസരങ്ങൾ കിട്ടാറില്ല. അവസരങ്ങൾ കിട്ടിയപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ നടത്താൻ റൊമേരോയ്ക്ക് ആയിട്ടുണ്ട്.

പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഗോൾ കീപ്പറായാണ് റൊമേരോ അറിയപ്പെടുന്നത്. 2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement