റാമോസ് ഇനി എങ്ങോട്ട്, വലിയ ക്ലബുകൾ കാത്തിരിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടുമെന്ന് റാമോസിന്റെ കരാർ തീരാനാവുമ്പോൾ ഒക്കെ പതിവായി ഉയരുന്ന അഭ്യൂഹമാണ്. ഇത്തവണയും റാമോസ് അവസാനം റയലിൽ കരാർ പുതുക്കും എന്ന് തന്നെയാണ് പലരും കരുതിയത്. എന്നാൽ ഇന്നലെ റയലിന്റെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു. 16 വർഷങ്ങൾക്ക് ശേഷം റാമോസ് റയൽ വിടുന്നു. റാമോസ് ഇനി എവിടേക്ക് എന്നതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിലെ പ്രധാന ചോദ്യം. വലിയ ക്ലബുകൾ ഒക്കെ റാമോസിനെ സ്വന്തമാക്കാനുള്ള ആലോചനയിലാണ്.

ബാഴ്സലോണയിലേക്കും അത്ലറ്റിക്കോ മാഡ്രിഡിലേക്കും റാമോസ് പോകില്ല എന്നാണ് റയൽ മാഡ്രിഡ് ആരാധകർ വിശ്വസിക്കുന്നത്. തങ്ങളുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ താരമായ റാമോസ് റയലിന്റെ ഏറ്റവും വലിയ വൈരികളുടെ ജേഴ്സി അണിയില്ല എന്ന് തന്നെയാണ് അവർ വിശ്വസിക്കുന്നത്. റാമോസിന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് റാമോസ് പോകാൻ സാധ്യതയുണ്ട് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1996 മുതൽ 2005വരെ സെവിയ്യക്ക് ഒപ്പമായിരുന്നു റാമോസ് ഉണ്ടായിരുന്നത്. സീനിയർ കരിയർ ആരംഭിച്ച സ്ഥലത്ത് തന്നെ ചെന്ന് അദ്ദേഹം വിരമിക്കുമോ എന്നത് കണ്ടറിയണം.

വർഷങ്ങളായി റാമോസിന്റെ പേര് ചേർത്തു കേട്ടിരുന്ന ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റാമോസ് പോകും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. യുണൈറ്റഡ് ഒരു സെന്റർ ബാക്കിനായുള്ള അന്വേഷണത്തിലാണ്. എന്നാൽ 35കാരനായ താരത്തെ സൈൻ ചെയ്യുന്നതിൽ ആരാധകർ സന്തോഷവാന്മാരായിരിക്കില്ല. ഇംഗ്ലീഷ് ക്ലബ് തന്നെ ആയ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ക്ലബായ പി എസ് ജി, സീരി എയിലെ യുവന്റസ് എന്നിവരും റാമോസിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് മാറുന്നതിനെ കുറിച്ചും റാമോസ് ചിന്തിക്കുന്നുണ്ട്. എന്തായാലും ഉടൻ തന്നെ തന്റെ ഭാവിയെ കുറിച്ച് റാമോസ് പ്രഖ്യാപിക്കും എന്നാണ് സൂചനകൾ.