ഫോസു മെൻസ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫോസു മെൻസ ക്ലബ് വിട്ടേക്കും. താരത്തിന് ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ബാക്കി ഉണ്ട് എങ്കിലും താരത്തെ വിൽക്കുന്നത് പരിഗണിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മികച്ച ടാലന്റ് ആണെങ്കിൽ പരിക്ക് കാരണം ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരമായി ഫോസു മെൻസയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ലോണിൽ പല ക്ലബുകളിലും കളിച്ചപ്പോഴും മികവ് തെളിയിക്കാൻ അദ്ദേഹത്തിനായിരുന്നില്ല.

ഈ കഴിഞ്ഞ സീസണിലും പരിക്ക് കാരണം അധികം കളിക്കാൻ കഴിയാതിരുന്ന താരമാണ് ഫോസു മെൻസ. സീസൺ അവസാനം കുറച്ച് മത്സരങ്ങൾ മാത്രമെ താരം കളിച്ചിരുന്നുള്ളൂ. മുമ്പ് ലോണിൽ ഫുൾഹാമിനായും ക്രിസ്റ്റൽ പാലസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 22 കാരനായ ഫോസു മെൻസക്ക് വേണ്ടി ഇപ്പോൾ ജർമ്മൻ ക്ലബുകളായ മോഞ്ചൻ ഗ്ലാഡ്ബാചും ഹോഫൻഹെയിമും രംഗത്തുണ്ട്. നല്ല ഓഫർ ലഭിക്കുക ആണെങ്കിൽ യുണൈറ്റഡ് താരത്തെ വിറ്റേക്കും.ഡച്ചുകാരനായ മെൻസ അയാക്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. 2014ലാണ് മാഞ്ചസ്റ്ററിൽ എത്തിയത്.

Previous articleസ്ട്രൈക്കേഴ്സില്‍ നിന്ന് ബില്ലി സ്റ്റാന്‍ലേക്ക് സ്റ്റാറിലേക്ക്, കൈമാറ്റ കച്ചവടത്തില്‍ ഡാനിയേല്‍ വോറല്‍ സ്ട്രൈക്കേഴ്സിലേക്കും
Next articleനെറ്റ്‌സിൽ 6 വ്യത്യസ്ത ബൗളിംഗ് ആക്ഷനുമായി ജസ്പ്രീത് ബുംറ