മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിൽ എത്തി അവിടെ വിപ്ലവം സൃഷ്ടിച്ച താരമാണ് ഡീൻ ഹെൻഡേഴ്സൺ. ഡി ഹിയക്ക് കീഴിൽ യുണൈറ്റഡിന്റെ രണ്ടാം കീപ്പറാകും എന്ന് കരുതപ്പെട്ട ഡീൻ പക്ഷെ ക്ലബ് വിട്ടേക്കും. ഷെഫീൽഡ് യുണൈറ്റഡ് തന്നെയാണ് ഡീനിനെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നത്. ഡീൻ ഷെഫീൽഡിലേക്ക് എത്തും എന്ന് ഷെഫീൽഡ് മാനേജർ ക്രിസ് വിൽഡർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഷെഫീൽഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷന്റെ പ്രധാന ക്രെഡിറ്റ് ഡീൻ ഹെൻഡേഴ്സണായിരുന്നു ലഭിച്ചത്. 22കാരനായ ഡീൻ ഷെഫീൽഡ് ഗോൾ വലയ്ക്ക് മുന്നിൽ ഒരു കാവൽ മാലാഖ തന്നെ ആയിരുന്നു. 21 ക്ലീൻഷീറ്റുകളാണ് ഡീൻ ഹെൻഡേഴ്സൺ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. 46 മത്സരങ്ങളിൽ നിന്ന് വെറും 41 ഗോളുകൾ മാത്രമാണ് ഡീൻ ഇത്തവണ വഴങ്ങിയത്. ഷെഫീൽഡ് യുണൈറ്റഡിലെ ആരാധകരുടെ പ്രിയ താരം കൂടിയാണ് ഡീൻ.
അവസാന കുറച്ച് വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്ഥിരമായി ലോണിൽ പോകുന്ന ഡീൻ അണ്ടർ 21 യൂറോയിൽ ഇംഗ്ലണ്ടിന്റെ വല കാത്തിരുന്നു. പക്ഷെ അവിടെ അത്ര നല്ല പ്രകടനമല്ലായിരുന്നു ഡീൻ കാഴ്ചവെച്ചത്. ഡീനിനെ ലോണിൽ വിട്ടു നൽകാൻ മാത്രമാണ് യുണൈറ്റഡ് താല്പര്യപ്പെടുന്നത്.